Tuesday, 20 January 2009

നാം അറിയാതെ പോകുന്നത്... (രണ്ട്)

(കത്ത് ---------- ഭാഗം 02)

അസ്സലാമു അലൈകും.

സ്നേഹിതാ,

ഞങ്ങളുടെ പിന്നീടുള്ള സംസാരങ്ങളില്‍ ഒരു പാട് വിഷയങ്ങള്‍ മാറി മാറി വന്നു. നമ്മുടെ വാക്കുകളും പ്രവര്‍ത്തികളും റബ്ബിന്‍റെ പ്രീതിക്ക് അനുസൃതമായി ചിട്ടപ്പെടുത്താന്‍ നമുക്ക് പ്രയത്നിക്കാം..
പ്രവിശാലമായ അണ്ഡകഠാഹത്തില്‍ ഈ വലിയ ഭൂമിപോലും ഒരു ബിന്ദുവോളം വരില്ല. നാം കാണുന്നതും കാണാത്തതുമായ ഒട്ടനവധി കാര്യങ്ങള്‍ ഉണ്ട് ഈ ഉലകത്തില്‍. പരമ കാരുണികനായ റബ്ബ് അവന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അതിരുകളില്ലാത്ത അറിവുകള്‍ നല്‍കുമത്രെ.
സംശയങ്ങള്‍ക്ക് അതീതമായ, ദൃഢജ്ഞാനം കൊണ്ട് നാഥന്‍ നമ്മെ അനുഗ്രഹുക്കട്ടെ!

നമ്മുടെ കത്തിന്‍റെ ഒന്നാം ഭാഗത്തിന്‍റെ തുടര്‍ച്ച ഇവിടെ കുറിക്കുന്നു..

(ഞ: ഞാന്‍; അ: അപരന്‍)
.........................................................................
.........................................................................
.........................................................................
.........................................................................

ഞ നാം ആരാണെന്നതിന് വളരെ പരിമിതമെങ്കിലും ഒരു ചെറു വിവരണം ഇന്നലെ നാം നടത്തി. ഒരിക്കലും നാം പുറമെ ഈ കാണുന്നതല്ല മനുഷ്യന്‍. അത് വെറും ജഡം മാത്രമാണ്. അതിനോട് കൂടെ ആത്മാവ് ഉണടാകുന്പോള്‍ മാത്രമേ നാം അതിന് മനുഷ്യന്‍ എന്ന് വില കല്‍പിക്കുന്നുള്ളൂ. അഥവാ, പ്രത്യക്ഷത്തിലെ മനുഷ്യന്‍ എന്നാല്‍ ദേഹത്തോട് കൂടെ ആത്മാവ് ചേര്‍ന്നവന്‍ എന്നാണ് വിവക്ഷിതമാകുന്നത്. (ദേഹം എന്നാല്‍ ദഹിക്കുന്നത് – മരിക്കുന്നത് – എന്നാണ് അര്‍ത്ഥം. ഓരോ നിമിഷവും മനുഷ്യന്‍ മരിച്ച് കൊണ്ടിരിക്കുന്നതിനാലാണ് ഈ പദം മനുഷ്യ ശരീരത്തിന് വന്നത്. ശരീര്ത്തില്‍ ലക്ഷക്കണക്കായ കോശങ്ങള്‍ സദാ മരിച്ച് കൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിനു കണ്ട് പുതുതായി ജനിക്കുന്നുമുണ്ട്. മരിക്കുന്നവയുടെ തോത് കുറയുകയും ജനിക്കുന്നതിന്‍റെത് കുറയുകയും ചെയ്യുന്പോള്‍ മനുഷ്യന്‍ വളരുന്നു. ആ തോതിന്‍റെ വ്യത്യാസമനുസരിച്ച് വളര്‍ച്ചയില്‍ മാറ്റം വരുന്നു. പിന്നീട് വളര്‍ച്ച മുരടിക്കുന്നു. അങ്ങിനെയങ്ങിനെ മരിക്കുന്നവയുടെ തോത് കൂടുന്പോള്‍ കഴിവുകളെല്ലാം ശോഷിച്ച് ശോഷിച്ച് വാര്‍ദ്ധക്യം പൂര്‍ണ്ണമാകുന്നു. അവസാനം, ജനിക്കുന്നവ മെല്ലെ മെല്ലെ ഇല്ലാതാകുന്നു. ഒരു നാള്‍ മനുഷ്യന്‍ മരിക്കന്നു. – മലയാളം പദോല്‍പത്തിയുടെ ശാസ്ത്രീയമായ ഒരു ചര്‍ച്ച മാത്രമാണിത്. ദീനില്‍ ഇതിന്‍റെ വിവക്ഷ വിശാലമാണ്. നമുക്ക് ക്രമേണ അതിലേക്കെല്ലാം എത്താം).


അ അപ്പോള്‍ നമ്മള്‍ പറഞ്ഞ് വെച്ചത്..

ഞ പറയാം.. ഓരോ മനുഷ്യനിലും അവന്‍റെ ആത്മാവ് കുടികൊള്ളുന്നുണ്ട്, ഇല്ലേ?

അ തീര്‍ച്ചയായും.

ഞ അഥവാ, പ്രത്യക്ഷത്തില്‍ ഒരു മനുഷ്യന്‍, ശരീരവും ആത്മാവും ചേര്‍ന്നതാണ്.

അ ഉം.....

ഞ നാം ഇന്നലെ പറഞ്ഞു, യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍ ആത്മാവാണ്. നാം പേരിടുന്നതും വിളിക്കപ്പെടുന്നതുമൊക്കെ അതിനെയാണ്. അതു കൊണ്ടാണ്, പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് ഞാന്‍ ഇപ്പോഴത്തെ കോലത്തില്‍ നിന്ന് അടിമുടിമാറിയാല്‍ തന്നെയും, അപ്പോഴും ‍ഞാന്‍ സുബൈര്‍ തന്നെ ആകുന്നത്. അതുകൊണ്ടാണ്, ഒരു ആക്സിഡന്‍റില്‍ (റബ്ബ് അപകടങ്ങളില്‍ നിന്നെല്ലാം നമ്മെ സംരക്ഷിക്കട്ടെ!) എന്‍റെ പകുതിയങ്ങ് നഷ്ടപ്പേട്ടാലും ആരും എന്നെ പകുതി സുബൈറേ എന്ന് വിളിക്കാത്തത്. ഒന്നാം വയസ്സില്‍ വിവസ്ത്രരായി കിടന്നിരുന്നപ്പോഴും ഞാന്‍ സുബൈര്‍ ആയിരുന്നു. ഇനി പ്രായമായി വയോവൃദ്ധനായാലും (കോലങ്ങള്‍ മുഴുവന്‍ മാറിയിട്ട് പോലും) ഞാന്‍ സുബൈര്‍ തന്നെ ആയിരിക്കും, അല്ലേ?

അ ഊം..

ഞ അഥവാ, “നാം ആരാണ്?” എന്ന, ഒന്നാമത്തെ ചോദ്യത്തിന് നാം ചെറുതായെങ്കിലും ചിന്തിക്കാവുന്ന രീതിയില്‍ ഒന്നു വിവരിച്ചു കഴിഞ്ഞു. ഇനി രണ്ടാമത്തെ ചോദ്യം എന്തായിരുന്നു?

അ രണ്ടാമത്തെ ചോദ്യം...

ഞ ഹാ.. നാം ഒരിക്കലും വരുന്ന ഇടങ്ങള്‍ (മുരടുകള്‍ മറക്കരുത്). നമ്മള്‍ ഏതെങ്കിലും സ്ഥല്ത്തേക്ക് പോകുന്നുവെന്നിരിക്കട്ടെ. വന്ന വഴി മറന്നാല്‍ പിന്നെ ലക്ഷ്യമില്ലാതെ തെണ്ടിത്തിരിയേണ്ടി വരില്ലേ? എന്ന പോലെത്തന്നെ നാം ഗൗരവമായി ചര്‍ച്ച ചെയ്യുന്പോള്‍ എപ്പോഴും ശ്രദ്ധയോടെ ഇരിക്കണം. ഒരു കാര്യത്തില്‍ നിന്ന് അനുബന്ധ കാര്യങ്ങളിലേക്ക് ചര്‍ച്ച പോകുന്പോഴൊക്കെ എവിടെ നിന്നാണ് പോകുന്നത് എന്ന് ശരിക്കും ഓര്‍ത്തിരിക്കണം. അല്ലെങ്കില്‍ പിന്നെ അത്രയും പറഞ്ഞത് ആകെ അങ്കലാപ്പായി എന്നല്ലാതെ ഒരു ഫലവും കാണില്ല..


അ ആ... ഓര്‍മ്മയുണ്ട്. മറന്നതായിരുന്നില്ല, പെട്ടെന്ന് ... പിന്നെ, രണ്ടാമത്തെ കാര്യം: “നാം എവിടെ നിന്ന് വരുന്നു?” എന്നതായിരുന്നു.

ഞ അതെ, ശരിയാണ്. രണ്ടാമത്തെ കാര്യം അല്പം വിശാലമായിത്തന്നെ പറയേണ്ടതുണ്ട്. നമുക്ക് , തുടങ്ങാം.. മൂപ്പര് തന്ന ചായ ചൂട് ആറിത്തുടങ്ങി. ഇനിയും കുടിച്ചില്ലെങ്കില്‍ ഐസ് വെള്ളമാകും.. അത് കുടിച്ചിട്ടാകാം ബാക്കി.. എന്ത്യേയ്?

അ ഹഹാ... അപ്പറഞ്ഞത് വളരേ ശരിയാ...

(തുടരും...)

നാം അറിയാതെ പോകുന്നത്... (ഒന്ന്)

(കത്ത് ---- ഭാഗം ഒന്ന്)

അസ്സലാമു അലൈകും.

എന്‍റെ പ്രിയങ്കരനായ സ്നേഹ സുഹൃത്തേ,
കാലത്തിന്‍റെ അതി പ്രളയത്തില്‍ മൊത്തം മനുഷ്യരൊക്കെയും അപഥ സഞ്ചാരത്തിലേര്‍പ്പെടുകയും, ദീനിന്‍റെയും മതത്തിന്‍റെയും പേര് പറഞ്ഞ് വിവിധ തരം പേക്കൂത്തുകള്‍ കൊണ്ട് ആറാടുകയും ചെയ്യുന്ന അതി ദാരുണമായ ഒരു അന്തരീക്ഷത്തില്‍, സുഹൃത്തെ, നമുക്ക് നമ്മെത്തന്നെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. തങ്ങളുടെ യഥാര്‍ത്ഥ സ്ഥിതിഗതികള്‍ മനസ്സിലാക്കാന്‍ അല്പമെങ്കിലും പ്രയത്നിക്കുന്നവര്‍ തീരെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു അന്തരീക്ഷം നമ്മില്‍ സംജാതമായിരിക്കുന്നു. ആര്‍പ്പു വിളികളിലും അധര വ്യായാമത്തിലും ഏര്‍പ്പെട്ട് തങ്ങളുടെ നാവിന്‍ തുമ്പില്‍ മാത്രം ഒതുക്കി വെച്ചിരിക്കുന്ന ദീനും, ആചാരങ്ങളുമായി മതഭേതങ്ങളില്ലാതെ ജനങ്ങള്‍ തനി വിഡ്ഢികള്‍ ആയിക്കൊണ്ടിരിക്കുന്നു.

അല്പമെങ്കിലും നാം നമ്മുടെ റബ്ബിനെക്കുറിച്ച് അറിയാതെ പോയാല്‍, നാം പിന്നീട്, ഒരിക്കലും വീണ്ടെടുക്കാനാകാത്ത തീരാ നഷ്ടത്തിലേക്ക് കൂപ്പു കുത്തുക തന്നെ ചെയ്യും.

സ്നേഹിതാ,
കഴിഞ്ഞ ദിവസം, ഇവിടെ അടുത്തുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് നടന്ന ചെറിയ ചെറിയ ചില സംസാരങ്ങള്‍ ഞാന്‍ ഇവിടെ കുറിക്കുന്നു. നല്ല ചിന്തകള്‍ ആത്മാര്‍ത്ഥമായി പങ്കു വെക്കുന്പോള്‍ തീര്‍ച്ചയായും താങ്കളുടെ പ്രതികരണങ്ങള്‍ ഞാന്‍ ന്യായമായും പ്രതീക്ഷിക്കുന്നു...

ആ സംഭാഷത്തിലെ ചില ഭാഗങ്ങളിലേക്ക്,

(ഞ: ഞാന്‍; അ: അപരന്‍)
.........................................................................
.........................................................................
.........................................................................
.........................................................................

ഞ നിങ്ങള്‍ ഇപ്പോള്‍ എന്നെ കാണുന്നുണ്ടോ?

അ ഞാന്‍ കണ്ടല്ലോ, ഇതാ നില്‍ക്കുന്നു.

ഞ കണ്ടല്ലോ, തീര്‍ച്ചയല്ലേ?

അ അതെ, എന്താ കാര്യം?

ഞ ഞാന്‍ ഇങ്ങനെ സംസാരിച്ച് നില്‍ക്കെ മരിച്ച് വീണെന്ന് കരുതുക. നിങ്ങള്‍ എല്ലാരും ചേര്‍ന്ന് എന്നെ എടുത്ത് കട്ടിലില്‍ കിടത്തും. പിന്നെ കുളിപ്പിക്കുകയും മറ്റുമൊക്കെ ചെയ്യും. ശരിയല്ലെ?

അ അതെ,

ഞ എന്നാല്‍ അന്നേരം നിങ്ങള്‍ പറയുമോ, “സുബൈര്‍ അതാ കിടക്കുന്നു”, “സുബൈറിനെ കുളിപ്പിക്കാന്‍ തുടങ്ങി” എന്നൊക്കെ?

അ മരിച്ച് കഴിഞ്ഞാല്‍ പിന്നെ “മയ്യിത്ത് കുളിപ്പിക്കുക”, “മയ്യിത്തിനെ കഫന്‍ ചെയ്യുക” എന്നൊക്കെയല്ലേ പറയുക?

ഞ അപ്പോള്‍ സുബൈര്‍ എവിടെപ്പോയി?

അ അത്... അത്...

ഞ അല്‍പം മുമ്പ് നിങ്ങള്‍, സുബൈറിനെ കണ്ടു, എന്ന് പറഞ്ഞല്ലേ? ആ കണ്ടതില്‍ നിന്ന് ഇപ്പോള്‍ എന്താണ് കാണാതായത്? ആ കണ്ണും മൂക്കും കൈയും കാലുമൊക്കെ ഇപ്പോഴും അവിടെത്തന്നെയില്ലേ?

അ അതെ,

ഞ ഇനി പറയൂ, അപ്പോള്‍ ആരാണ് (യഥാര്‍ത്ഥത്തില്‍) സുബൈര്‍? ആരാണ് ഹനീഫ? (ആരാണ് ജാബിര്‍, ആരാണ് റഫീഖ്???)

അ അത്.. ആത്മാവല്ലേ പോയത്?

ഞ അതേ, ആത്മാവാണ് പോയത്. പക്ഷെ, ആത്മാവ് പോയപ്പോഴേക്ക് നിങ്ങള്‍ നേരത്തേ സുബൈര്‍ എന്ന് വിളിച്ച അതേ ശരീരം വെറും ശവം (മയ്യിത്ത്, ജനാസ) ആയി മാറിയില്ലെ. സുഹൃത്തെ, ഇവിടെയാണ് നാം ചിന്തിക്കേണ്ടത്. ഇത്ര കാലമായിട്ട് നിങ്ങള്‍ എന്നെ എന്നല്ല, നിങ്ങളെത്തന്നെയും കാണുകയോ അറിയുകയോ ചെയ്തിട്ടില്ല, ശരിയല്ലേ?

അ ശരിയാ...

ഞ ആത്മാവ്, റൂഹ് എന്നൊക്കെ പറയുന്ന, യഥാര്‍ത്ഥത്തിലുള്ള നാം, നാം ആരാണ്? നാം ഓരോരുത്തരും ഇത് വരെ അവനവനെത്തന്നെ മനസ്സിലാക്കിയിട്ടുണ്ടോ?

അ ഇല്ല.

ഞ അതവിടെയിരിക്കട്ടെ, ഓരോ മുസ്ലിമും തന്നോട് തന്നെ കൂടെക്കൂടെ ചോദിച്ച് ചോദിച്ച് കണ്ടെത്തേണ്ട നാല് കാര്യങ്ങള്‍ ഉണ്ട്. അറ്യ്വോ?

അ ഇല്ല, പറയീം.

ഞ പറയാം. ഒന്നാമതായി “ഞാന്‍ ആരാണ്?”, പിന്നെ, “ഞാന്‍ എവിടെ നിന്ന് വരുന്നു?” മൂന്ന്, “ഞാന്‍ എങ്ങോട്ടു പോകുന്നു?” നാല്, “ഞാന്‍ എന്തിനാണ് വന്നത്?”
ഇക്കാര്യങ്ങളൊക്കെ വിശദമായി നമുക്ക് സംസാരിക്കാനുണ്ട്. ഇന്‍ശാ അല്ലാഹ്, നാളെയാകട്ടെ,

അ തീര്‍ച്ചയായും, ഇന്‍ശാ അല്ലാഹ്, നാളെ ഞാന്‍ വന്നിരിക്കും. അസ്സലാമു അലൈകും.

ഞ വ അലെകുമുസ്സലാം.


(തുടരും...)