Saturday, 31 January 2009

നാം അറിയാതെ പോകുന്നത് ... (ഏഴ് & ....)



എന്‍റെ 'ബൂലോഗ' കൂട്ടുകാരേ,

വളരെ സ്നേഹത്തോടെയും ആത്മാര്‍ത്ഥതയോടെയും കൗതുകത്തോടെയും എന്‍റെ ബ്ലോഗ് വായിച്ചവരും പ്രതികരിച്ചവരും, വല്ലതും ഉള്‍ക്കൊണ്ടവരും മറ്റുള്ളവര്‍ക്ക് എന്‍റെ ഈ ബ്ലോഗ് പരിചയപ്പെടുത്തിയവരും .... എല്ലാവരും എന്‍റെ മുന്നില്‍ തെളിഞ്ഞ് വരുന്നു.
എല്ലാവര്‍ക്കും മനം നിറഞ്ഞു നന്ദി രേഖപ്പെടുത്തുന്നു.
"നാം അറിയാതെ പോകുന്നത്" എന്ന ശീര്‍ശകത്തിലെ ഏഴ് മുതലുള്ള തുടര്‍ച്ചകള്‍, വായനക്കാരുടെ സൗകര്യം കണക്കിലെടുത്ത് പുതിയ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു: http://mahboobi786.blogspot.com/

തുടര്‍ന്നും നിങ്ങളുടെ സത്യസന്ധമായ ഇടപെടലുകള്‍ പ്രതീക്ഷിക്കുന്നു. ആരോഗ്യകരവും ആത്മാര്‍ത്ഥവുമായ വിമര്‍ശനങ്ങളും അഭിപ്രായ പ്രകടനങ്ങളും തീര്‍ച്ചയായും ഈ ബ്ലോഗിന് മുതല്‍ക്കൂട്ടായിരിക്കും. എന്‍റെ (നമ്മുടെ) പുതിയ ബ്ലോഗില്‍ വെച്ച് ഇനിയും നമുക്ക് കണ്ടുമുട്ടാം..

സ്നേഹത്തോടെ,
നിങ്ങളുടെ സുഹൃത്ത്,
സുബൈര്‍ മഹ്ബൂബി.

Tuesday, 27 January 2009

നാം അറിയാതെ പോകുന്നത് ..... (ആറ്)

സഹോദരാ, എന്‍റെ ചില ബ്ലോഗ് അഡ്രസുകള്‍ ഇവിടെ കുറിക്കുന്നു. തരം കിട്ടിയാല്‍ വായിച്ച് നോക്കി, പ്രതികരണം കുറിക്കണം.
http://subikkuttan.blogspot.com/
http://zubimahboobi.blogspot.com/
http://subumahboobi.blogspot.com/
സത്യത്തിന് വേണ്ടി ഒരു അന്വേഷണം എന്ന ശീര്‍ശകത്തില്‍ ആറ് ഭാഗങ്ങളിലായി ചിലതെല്ലാം ഞാന്‍ അവിടെ കുറിച്ചിട്ടിട്ടുണ്ട്. അവയില്‍ ഏതാണ്ടെല്ലാം ഞങ്ങളുടെ ഈ സംസാരത്തില്‍ വന്നിട്ടുമുണ്ടായിരുന്നു. നിങ്ങള്‍ക്ക് ഞാന്‍ എഴുതുന്ന ഈ കത്ത് ഇതുപോലെത്തന്നെ ‍ഞാന്‍ ഒരു ബ്ലോഗ് തുറന്നു.
http://zmahboobi.blogspot.com/



(കത്ത് ---------- ഭാഗം 06)

അസ്സലാമു അലൈകും.

പ്രിയ സ്നേഹിതാ..,
എന്തൊക്കെയാടോ വിവരങ്ങള്‍?
താങ്കള്‍ക്കും മറ്റു എല്ലാവര്‍ക്കും സുഖമായിരിക്കുമെന്ന് കരുതുന്നു.

ഒരു രസം കേള്‍ക്കൂ. കുറേ മുന്പത്തെ കാര്യമാണ് ട്ടോ..

മാജിക്കില്‍ അഗ്ര ഗണ്യനായ മജീഷ്യന്‍ സത്താറിന്‍റെ മാജിക് കാണാന്‍ തെരുവില്‍ പതിന് വിപരീതമായി ധാരാളം പേര്‍ തടിച്ച് കൂടിയിരിക്കുന്നു.
സാധാരണ കാണിക്കാറുള്ള ഉഴപ്പന്‍ ഐറ്റംസ് അല്ല ഇന്നുള്ളതെന്ന് ആ തിരക്ക് കാണുന്പഴേ അറിയാം.. അങ്ങിനെയാണ് ഞാനും, അതൊന്ന് കണ്ട് കളയാം എന്ന് തീരുമാനിച്ചത്.

ചെന്നപ്പോഴല്ലേ രസം.
നന്നായി കുഴിഞ്ഞ് നില്‍ക്കുന്ന, ചുറ്റിനും വട്ടമുള്ള ഒരു തൊപ്പി സത്താര്‍ ഉയര്‍ത്തിക്കാണിക്കുന്നു.
മജീഷ്യന്‍ മിണ്ടാന്‍ പാടില്ല, എന്ന തത്വം ഇന്ന് കണിശമായി പാലിക്കുന്നുണ്ട് സത്താര്‍ എന്ന് തോന്നുന്നു. ഒന്നും ഉരിയാടുന്നില്ല.
ആ തൊപ്പിയുടെ ഉള്ളും പുറവുമൊക്കെ വളരെ വിശദമായി കാണിച്ച ശേഷം അത് മേശപ്പുറത്ത് വെച്ചു.
കണ്ടു നില്‍ക്കുന്നവര്‍ എന്തൊക്കെയോ പറയുന്നതും, പുറു പിറുക്കുന്നതും, ചിലര്‍ ചിരിക്കുന്നതും മറ്റു ചിലര്‍ അന്ധിച്ച് വായ തുറന്ന പാടേ ഒരേ നിര്‍ത്തം നില്‍ക്കുന്നതുമൊക്കെയായി സംഗതി അതി ഗംഭീരമായിരുന്നു.

അടുത്തതായി അതാ സത്താറിന്‍റെ കയ്യില്‍ ഒരു തൂവെള്ള തൂവാല. അത് മടക്കിയും നിവര്‍ത്തിയുമൊക്കെ എല്ലാവരെയും കാണിച്ച ശേഷം അത് ആ തൊപ്പിക്കകത്ത് വെച്ചു. പിന്നീട് മേശയുടെ വലിപ്പ് തുറന്ന് അതില്‍ നിന്നും ഒരു വലിയ ചുവന്ന കസവു പോലുള്ള നീളന്‍ ശീല (മുണ്ട്) പുറത്തെടുത്ത് നന്നായൊന്ന് കുടഞ്ഞ് ആ തൊപ്പി മൊത്തം മറച്ച് വെച്ചു. പിന്നീട് കാണികളെ നോക്കി, ആദ്യം പതിവ് പോലൊരു ചിരി, ആ മോണ കാട്ടി നാവ് അല്‍പം പുറത്തേക്കിട്ട് അല്‍പം ഇടത്ത് ചെരിഞ്ഞ് സ്വത സിദ്ധമായ അതേ ചിരി.
പിന്നീട് ഒരു മന്ത്ര വടിയെടുത്ത്, ആരും ഇന്നേ വരെ കേട്ടിട്ടില്ലാത്ത ഭാഷയില്‍ കുറെ മന്ത്രം ജപിച്ച്, അടച്ച് വെച്ച തൊപ്പിക്കു ചുറ്റും വടി കറക്കിക്കൊണ്ടിരിക്കുന്നു.

പെട്ടെന്ന് ആ വടിയുടെ അറ്റത്ത് ചുവന്ന ശീലയുടെ അറ്റം പിടിച്ച് ആഞ്ഞ് പൊക്കി. അതാ, ഒരു വെളുത്ത പ്രാവ് ആ തൊപ്പിയില്‍ നിന്നും പറന്ന് വെന്ന് സത്താറിന്‍റെ തലയില്‍ വന്നിരിക്കുന്നു.

ജനം ആവേശ ഭരിതരായി.
നല്ല കൈയടിയും മറ്റുമായി അവര്‍ സത്താറിനെ അകമഴിഞ്ഞ് പ്രോത്സാഹിച്ചു. അപ്പോള്‍ അതുവഴി, സുഹൃത്ത് ഖാലിദിന്‍റെ ബൈക്ക് വന്നു. അവന്‍ എന്നെയും ലിഫ്റ്റ് എടുത്ത് അങ്ങാടിയിലേക്ക് പോയി.

********

കാലത്ത് ഏതാണ്ടൊരു പത്തു മണിയായിക്കാണും. അപ്പോഴാണ് അടുത്ത വീട്ടിലെ വയനാടന്‍ മുജീബ്ക്കാന്‍റെ വീട്ടില്‍ പോയി കുറച്ച് കറിവേപ്പില കൊണ്ട് വരാന്‍, അടുക്കളയില്‍ നിന്ന് ഉമ്മ വിളിച്ച് പറഞ്ഞത്.
ഏത് നേരത്തു് ആ വീട്ടില്‍ ചെന്നാലും ഒരു വയനാടന്‍ ചായ കുടിച്ചേ തീരൂ. അത് മുജീബ്ക്കാന്‍റെ ഒരു നിര്‍ബന്ധമാണ്.

ഭാര്യാ വീട് വയനാട്ടിലാണ്. ഇടക്കൊക്കെ അവിടെ പോയി വരുന്പോല്‍ എടുപ്പത് തേയിലപ്പൊടിയുമായെ ടിയാന്‍ തിരിച്ചു വരത്തുള്ളൂ. അങ്ങിനെയാണ് മുജീബ്ക്ക, വയനാടന്‍ മുജീബ്ക്ക ആയത്.
വീട്ടില്‍ കറിവേപ്പില ആവശ്യം വരുന്പോഴൊക്കെ മുജീബ്ക്കാന്‍റെ വീട്ടു വളപ്പിലെ ആ വലിയ മരത്തില്‍ നിന്നാ എടുക്കാറുള്ളത്.

“ഇതങ്ങട് കുടിക്ക് മോനേ..” എന്നും പറഞ്ഞ് കദീസുത്താത്ത ചായ കൊണ്ട് തന്നു. ഞാന്‍ ചായയുമായി അകത്തേ മുറിയിലേക്ക് ചെന്നു. അപ്പോള്‍ അവിടെ അവരുടെ മക്കളുടെ ബഹളവും കളിയുമൊക്കെയായി ഭയങ്കര രസമായിരുന്നു. ചെന്ന് നോക്കിയപ്പോഴാണ് ശ്രദ്ധിച്ചത്. ഖലീല്‍ മോന്‍ ഒരു വടിയുമായി നില്‍ക്കുന്നു. രംഗം വഷളായിട്ടുണ്ടോ എന്ന് നോക്കിയപ്പോള്‍ അതാ മേശപ്പുറത്ത് ഒരു തൊപ്പിയുണ്ട്. പിന്നെ കാര്യങ്ങള്‍ പിടികിട്ടി. എന്നെ കണ്ടതും ഖലീല്‍ മോനും ഖാലിദും നഫീസ മോളും കൂടി ഓടി വന്ന് ചോദിച്ചു: “സുബിക്കാക്കാ.. ഇന്നലെ കണ്ട മാജിക്ക് ആവണില്ലാ.. ഞങ്ങള്‍ അതേ മാതിരി ഒക്കെ ചെയ്തല്ലോ.. സുബിക്കാക്ക കാണ്ച്ച് തെരീം..”

കുരുന്നു മനസ്സുകളിലെ കൗതുകം എനിക്ക് നന്നേ രസിച്ചു.

(കുട്ടികളുടെ കൗതുകങ്ങള്‍ കലര്‍‍ന്ന ചോദ്യങ്ങള്‍ക്ക് നേരെ ദേഷ്യപ്പെടരുത്. അവരെ നിരുത്സാഹപ്പെടുത്തരുത്. നാം ഒരു പക്ഷെ, പുകില് പിടിച്ച ചിന്തയിലാകുന്പോള്‍ ആകാം ഒരു പക്ഷെ കുട്ടികള്‍ വന്ന് വല്ലതും ചോദിക്കുന്നത്. അപ്പോള്‍ ദേഷ്യം വന്നാല്‍ പോലും അവരെ വിഷമിപ്പിക്കാതെ അവരുടെ കൊച്ചു യുക്തിയില്‍ മനസ്സിലാകും വിധം എന്തെങ്കിലും പറഞ്ഞ് കൊടുക്കണം. അന്വേഷണ ത്വര മനുഷ്യ സഹജമാണ്. പക്ഷെ, കൊച്ചു നാളിലേ നാം അത് നശിപ്പച്ചാല്‍ പിന്നീട് അവരുടെ ജീവിതത്തില്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ വളരേ വളരേ ആഴമേറിയാതായിരിക്കും. അന്തര്‍മുഖനും ഒന്നിലും ഒരു പരിചയം ഇല്ലാത്തവനുമൊക്കെയായി ഭാവിയില്‍ നമ്മുടെ കുട്ടിയുടെ അവസ്ഥകള്‍ നമുക്ക് തന്നെ വിഷമമാകും. അന്ന് നാം അറിയുകയില്ല, ഇതിന്‍റെയൊക്കെ മൂലകാരണം നമ്മള്‍ തന്നെയാണല്ലോ എന്ന സത്യം!)

ഞാന്‍ പറഞ്ഞു: “മക്കളെ, അത് ഒരുതരം ആളെ പറ്റിക്കുന്ന പരിപാടിയാ.. മാജിക്ക് എന്നാല്‍ നമ്മുടെ ശ്രദ്ധ തെറ്റിച്ച് പലതും കാണിക്കുന്ന പരിപാടിയാ.. അതിന് കുറേ കാലം ഇന്നലെ നമ്മളാരും കാണാതെ ആ പ്രാവിനെ സത്താര്‍ക്ക അവിടെ ഒളുപ്പിച്ചു വെച്ചിരുന്നു.”

ഖലീല്‍ മോന് സംശയം: “എന്നാലും, ഇത്രയും ആള്‍ക്കാരെയും പറ്റിക്ക്വോ? അതെങ്ങനെ കഴിയും?”

ഞാന്‍ പറഞ്ഞു: “മോനേ.. അവര്‍ കുറെക്കാലം അങ്ങിനെ പരിശീലിച്ച് പരിശീലിച്ച് വരുന്നതാണ്.”

ഖലീല്‍ മോന്‍: “ഹന്പടാ.. എന്നാല്‍ ഞാന്‍ അതിനേക്കാള്‍ വല്യ മാജിക്ക് പഠിക്കും. എന്നിട്ട് കുറേ പ്രാക്റ്റീസ് ചെയ്യും. പിന്നെ ഇന്നലത്തെ മാജിക്കുകാരനെയും വേറെ ആളുകളെയൊക്കെക്കൂട്ടി ഞാനും ഒരു പരിപാടി നടത്തും. സുബിക്കാക്കാനേം ഞാന്‍ പറ്റിച്ചും നോക്കിക്കോ..”

ഞാന്‍: “എന്നെയോ?”

ഖലീല്‍: “ഊം.. എന്താ ഇങ്ങളെ പറ്റിക്കാന്‍ കയ്യൂലെ?”

ഞാന്‍: “കയ്യൂലാ..”

പെട്ടെന്ന് ഒരു പ്രത്യേക ശബ്ദം കേള്‍പ്പിച്ച് ഖലീല്‍ മോന്‍ ഞങ്ങളെ പേടിപ്പച്ചു.
: “എന്ത് പറ്റിയെടാ..?”

അവന്‍ മച്ചിലേക്ക് ചൂണ്ടിക്കാണിച്ച് പറഞ്ഞു: “മ്മേ.. സുബിക്കാക്ക അത് കണ്ടോ?”

ഞാന്‍ മേലോട്ട് നോക്കിയതും അവന്‍ എന്‍റെ കഴുത്തില്‍ ഇക്കിളിപ്പെടുത്തി പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു: “ഇപ്പം മനസ്സിലായാ.. സുബിക്കാക്കാനേം പറ്റിക്കാന്‍ എനിക്കാകും എന്ന്?”

******

സഹോദരാ..,
ആ കുട്ടിയുടെ ചിന്ത ശരിക്കും ന്യായമായിരുന്നു.
കാരണം, സത്താറിന്‍റെ പോലെത്തന്നെയുള്ള രണ്ട് കൈകള്‍ എനിക്കും ഉണ്ട്. അത് പോലെത്തന്നെ മേശയും തൊപ്പിയും തൂവാലയും ഉണ്ട്. അയാള്‍ ചെയ്ത പോലെത്തന്നെ ചെയ്യുന്നുമുണ്ട്. എന്നിട്ടും എന്തേ എന്‍റെ തൊപ്പിയില്‍ നിന്നും പ്രാവ് പറന്നു വരാതിരുന്നത്?

******

ഫൂട്ബാള്‍ വേള്‍ഡ് കപ്പ് മത്സരങ്ങള്‍ അരങ്ങ് തകര്‍ത്ത് കൊണ്ടിരിക്കുന്ന നേരം. ആരവങ്ങളും വര്‍ണ്ണപ്പകിട്ടാര്‍ന്ന തോരണങ്ങള്‍ കൊണ്ടുള്ള അലങ്കാരങ്ങളും ഒക്കെക്കൂടി നാടാകെ ബഹളമയമായിരിക്കുകയാണ്. ആയിടക്കാണ്, സുഹൃത്ത് ഖാലിദിന്‍റെ വിവാഹ നിശ്ചയം നടന്നത്. നിശ്ചയ ദിവസം അവന്‍ എന്നെയും കൂട്ടി കോഴിക്കോട് ബീച്ചില്‍ പോയി.
(കല്യാണ നിശ്ചയ ചടങ്ങുകളില്‍, ഞങ്ങളുടെ നാട്ടില്‍, വരന്‍ പങ്കെടുക്കാറില്ല. വേണ്ടപ്പെട്ടവര്‍ അന്നേ ദിവസം നിശ്ചിത സമയത്ത് പ്രതിശ്രുത വധുവിന്‍റെ വീട്ടില്‍ പോയാണ് ചടങ്ങുകള്‍ നടത്താറുള്ളത്.)

അവിടെ അവന്‍റെയും എന്‍റെയുമായി, പത്തു പതിനഞ്ച് പേര്‍ വേറെയും വന്നിരുന്നു. അലയടിക്കുന്ന കടലിന്‍റെ ഭംഗിയെപ്പറ്റിയും മറ്റുമൊക്കെ സുഹൃത്തുക്കള്‍ വ്യത്യസ്ത രീതികളിലും ശൈലികളിലുമായി ഓരോ കമന്‍റ്സ് പറഞ്ഞ് കൊണ്ടിരുന്നു.
മണലില്‍ വട്ടത്തിലിരുന്ന് കടലയും ഐസ് ക്രീമും ശാപ്പിട്ടു കൊണ്ടിരിക്കുന്പോളാണ്, പൊതുവെ, ഫൂട്ബാള്‍ ഭ്രാന്തന്‍ കൂടിയായ, ഖാലിദ് ഒരു സംഭവം പറഞ്ഞത്.

“ഞാന്‍ ജീവിതത്തില്‍ ആദ്യമായാണ് ഇത്ര സുന്ദരമായി ഒരു ഫ്രീ കിക്ക് കണ്ടത്.”
അതും പറഞ്ഞ് അവന്‍ വശദീകരണം തുടങ്ങി. മുന്നിലുള്ള എതിര്‍ ടീമിന്‍റെ ശക്തമായ മതിലിനെ കബളിപ്പിച്ച്, ത്രോയിലേക്കെന്ന് തോന്നിച്ച് പന്ത് വളഞ്ഞ് പറന്നതും പിന്നീട് പോസ്റ്റ് ലക്ഷ്യമാക്കി പന്ത് വരുന്നത് കണ്ടപ്പോള്‍ നന്നേ ഉയരത്തിലായതിനാല്‍ ഗോള്‍ കീപ്പറടക്കം ആരും അത്ര ഗൗരവമായെടുക്കാതിരുന്നതും, ഗോള്‍ മുഖത്തെത്തിയപ്പോള്‍ ബോള്‍ കുതിച്ചിറങ്ങി പോസ്റ്റിന്‍റെ വലത്തേ അറ്റത്ത് കൂടി കടന്ന് കിടിലന്‍ ഗോള്‍ പിറന്നതുമൊക്കെ അവന്‍ വിശദീകരിച്ചു. എല്ലാം കേട്ട് അന്ധിച്ച് നിന്ന സുഹൃത്തുക്കള്‍ക്ക ഒരു തെളിവെന്ന പോലെ തന്‍റെ മൊബൈലില്‍ അതിന്‍റെ റീപ്ലേ പകര്‍ത്തിയ ഭാഗം ഖാലിദ് കാണിച്ചു. ശരിക്കും ഭയങ്കരം തന്നെ ആയിരുന്നു, ആ രംഗം.

******

സ്നേഹിതാ..,
ഞാന്‍ ആദ്യം ഇദ്ധരിച്ച സംഭവം നടന്നിട്ട് കാലം കുറേ കഴിഞ്ഞിരുന്നു. ഇപ്പോള്‍ നമ്മുടെ ഖലീല്‍ മോന്‍ ഭയങ്കര മജീഷ്യനായി മാറിയിട്ടുണ്ട്. സദസ്സില്‍ നിന്ന് ഒരാളെ വിളിച്ച് വരുത്തി ജനമദ്ധ്യത്തില്‍ വെച്ച് അയാളുടെ തലയും ഉടലും വേര്‍പ്പെടുത്തി തിരികെ വെക്കുന്നത് വരേ കണ്ടവരുണ്ട് പോലും!

ആ കുട്ടുക്കാലത്ത് അവന്‍റെ മനസ്സില്‍ പിടിച്ചിരുന്നത്, ഈ ഫുട്ബാളിലെ രംഗമായിരുന്നെങ്കില്‍, ഇന്ന് അവന്‍ പേരെടുത്ത ഫുട്ബാള്‍ കളിക്കാരനാകുമായിരുന്നു!

അങ്ങിനെയായിരുന്നെങ്കില്‍ അവനെ ഞാന്‍ ഏതെങ്കിലും പറന്പിലോ പാടത്തോ (ചെറുപ്പത്തില്‍) കാണുമായിരുന്നു. ആ കിടിലന്‍ ഫ്രീ കിക്കിനെ കുറിച്ച് അവന്‍ എന്നോട് ചോദിക്കുമായിരുന്നു: “സുബിക്കാക്കാ.., അയാള്‍ക്കും കാലുണ്ട്, എനിക്കും കാലുണ്ട്. അയാള്‍ ബുട്ട് ധരിച്ചിരുന്നു, ഞാനും ബൂ‍ട്ട് ധരിച്ചിട്ടുണ്ട്. അയാള്‍ക്ക് മുന്നില്‍ ഫ്രീ കിക്ക് തടയാന്‍ ഒരു പാറ കണക്കെ ശക്തരായ എതിരാളികള്‍ മതില്‍ തീര്‍ത്തിരുന്നു, എനിക്ക് മുന്നിലും തഥൈവ. എന്നിട്ടും ഞാന്‍ അയാള്‍ അടച്ചത് പോലെ ഫ്രീ കിക്കെടുത്തപ്പോള്‍ എന്തേ അത് ത്രോ ആയിപ്പോയി? ” എന്ന്.

ഹൊ! ഈ മനുഷ്യന്‍റെ ഓരോ കാര്യങ്ങളേ..യ്!

******

സ്നേഹിതാ..,
സത്യത്തില്‍ മനുഷ്യന്‍ എന്താണോ ഉദ്ദേശിക്കുന്നത്, അത് അവന്‍ നേടിയിരിക്കും. അവന്‍റെ ലക്ഷ്യത്തിലേക്ക് ഒരു പക്ഷെ, പാത വളരേ ഇടുങ്ങിയതോ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതോ ആണെങ്കില്‍ പോലും അവന്‍റെ ലക്ഷ്യം ദൃഢമാണെങ്കില്‍ പിന്നെ, ഏത് വിഷമ സന്ധിയും വളരെ സന്തോഷത്തോടെ തന്നെ ഏറ്റെടുത്ത് അവന്‍ ലക്ഷ്യത്തിലെത്തിയിരിക്കും. വീല്‍ചെയറില്‍ ഇരുന്ന് നന്നായി ഫുട്ബാള്‍ കളിക്കുന്നവരെയും, വെപ്പുകാലില്‍ മനോഹരമായി ഹോക്കി കളിക്കുന്നവരെയും, അന്ധരായിട്ട് പോലും അതി സുന്ദരമായി ചിത്രം വരക്കുന്നവരെയുമൊക്കെ നാം പലപ്പോഴായി പത്രങ്ങളിലും നേരിട്ടുമൊക്കെ കണ്ടു കൊണ്ടിരിക്കുന്നില്ലേ?.

ഓരോ മനുഷ്യ ശരീരത്തിലും പടച്ച റബ്ബ് നിറച്ച് വെച്ചരിക്കുന്ന കഴിവുകള്‍ അപാരമാണ്. ചിലര്‍ അവയില്‍ ചിലത് കണ്ടെത്തുന്പോള്‍ മറ്റു ചിലര്‍ അവരിലുള്ള അതേ അവയവങ്ങള്‍ കൊണ്ട് വേറെ ചില കഴിവുകള്‍ പ്രകടിപ്പിക്കുന്നു. സത്യത്തില്‍ നമ്മുടെയും അതേ അവയവങ്ങളില്‍ ആ കഴിവുകള്‍ ഉണ്ട്, പക്ഷെ, നാം അത് പ്രയത്നിച്ച് പുറത്ത് കൊണ്ടു വന്നില്ലെന്ന് മാത്രം.

മനുഷ്യ ശരീരത്തിലെ ഒരു കൈത്തണ്ടയില്‍ മാത്രം എത്രായിരം വ്യത്യസ്ത കഴിവുകള്‍ പടച്ച റബ്ബ് ഒരുക്കി വെച്ചിട്ടുണ്ട്! അവയില്‍ പലരും കഠിനമായി പ്രയത്നിച്ച് ചിലത് സ്വായത്തമാക്കുന്നു. മറ്റു ചിലരാകട്ടെ, മറ്റു ചിവ കഴിവുകള്‍ ആണ് അതേ കൈത്തണ്ട കൊണ്ട് കണ്ടെത്തുന്നത്. ഇവര്‍ക്കൊക്കെയിടയിലും അതിസാധാരണമല്ലാത്ത മറ്റൊന്നും തന്നെ പ്രയത്നിച്ച് കണ്ടെത്താത്ത കുഴി മടിയന്മാരും നമ്മിലുണ്ട്.

സ്നേഹിതാ, നാം എത്രത്തോളം താഴ്ചയിലേക്ക് പോകുന്നുവോ, അപ്പോഴൊക്കെയും : “മനുഷ്യാ, നീ താഴത്തേക്ക് അധഃപതിക്കേണ്ടവനല്ല, ഉന്നതികളിലേക്ക് ഉയരേണ്ടവനാണ്” എന്ന് വിളിച്ചോതിക്കൊണ്ട്, വളരെ ഉയരത്തിലുള്ള ആകാശം നമ്മിലേക്ക് അടുത്ത് വരുന്നത് കാണാം. എന്നാലോ, നാം ഉയര്‍ച്ചയിലേക്ക് ലക്ഷ്യം വെച്ച് എത്ര ഉന്നതിയിലേക്ക് വന്നാലും: “മനുഷ്യാ, നീ അഹങ്കരിക്കരുത്. നീ എത്ര ഉന്നതിയിലെത്തിയാലും അതിനേക്കാള്‍ പ്രവിശാലമായ ലോകങ്ങള്‍ ഇനിയും കാണാനുണ്ട്” എന്ന് പറഞ്ഞ് കൊണ്ട് ആകാശം വീണ്ടും വീണ്ടും മുകളിലേക്ക് പോകുന്നതും നമുക്ക് കാണാം.
അപ്പോള്‍ നാം ചിന്തിക്കും, എത്രയോ ഉയരത്തിലുള്ള ആകാശം നാം നശിക്കുന്നത് കാണുന്പോള്‍ നമ്മിലേക്ക്, വളരേ താഴേക്ക് ഇറങ്ങി വന്ന് നമ്മെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. ശരിക്കും അറിഞ്ഞു തുടങ്ങുന്പോള്‍ മാത്രമേ ആകാശത്തിന്‍റെ ഉന്നതിയെക്കുറിച്ച് അല്പമെങ്കിലും നാം ബോധവാന്‍മാരാകുന്നുള്ളൂ.

******

സഹോദരാ..,
നമുക്ക് വിഷയങ്ങളിലേക്ക് വരാം.
ഞങ്ങളുടെ സംസാരം ഏതാണ്ട് അവസാന ഭാഗങ്ങളിലേക്ക് എത്തിത്തുടങ്ങിയിരുന്നു. ഞാന്‍ അവരോട് ആദ്യം പറഞ്ഞ് തുടങ്ങിയ നാല് കാര്യങ്ങളില്‍ മൂന്നും ലളിതമായെങ്കിലും വിവരിച്ച് കഴിഞ്ഞു. എല്ലാം കൂടുതല്‍ ചിന്തിക്കുന്നവര്‍ക്ക് ഉത്തേജനം ആകത്തക്ക വിധത്തിലുള്ള ചില പരാമര്‍ശങ്ങള്‍ മാത്രമേ ആയുള്ളൂ. കാര്യങ്ങളെല്ലാം കിടക്കുന്നത്, അതിനെക്കാളൊക്കെ അപ്പുറത്താണ്.
ഇനി നാലാമത്തേതാണ് ഞങ്ങള്‍ക്ക് ഇന്ന് ചര്‍ച്ച ചെയ്യാനുള്ളത്.

ആ സംസാരത്തിന്‍റെ ചില ഭാഗങ്ങളിലേക്ക്....

(സു – സുബൈര്‍ ; ഹ – ഹനീഫ് ; ജ – ജാബിര്‍ ; റ – റഫീഖ്)
.........................................................................
.........................................................................
.........................................................................
.........................................................................

സു : നമ്മു‍ടെ ജാബിര്‍ ഭായിയെ കണ്ടില്ലല്ലോ എന്ത് പറ്റി?

റ : ഇന്നലെ നല്ല പനിയായിരുന്നു. ഞാന്‍ കരുതി അസുഖം മാറിക്കാണില്ലാ എന്ന്, ഫോണ്‍ ചെയ്തപ്പോഴാണറിയുന്നത്, ആള്‍ വന്നിട്ടുണ്ട്. ഞാന്‍ ഇവിടെയെത്തുന്നതിന് തൊട്ടുമുന്പേ അവന്‍ ഒന്ന് മൂത്രമൊഴാക്കാന്‍ പോയതാത്രേ. അവന്‍, ‍ഞാന്‍ വരുന്നത് കണ്ടുവത്രേ. ആള്‍ ഇപ്പോള്‍ ഇങ്ങെത്തും.

സു : പറഞ്ഞു തീര്‍ന്നില്ലാ, ഇതാ ആളിങ്ങെത്തിയല്ലോ?
എന്തൊക്കെയുണ്ട് മാഷെ, പനിയൊക്കെ മാറിയോ?

ജ : ഒരു വിധം മാറിയിട്ടുണ്ട്, അല്‍ഹംദു ലില്ലാഹ്! ഇന്നിനി പനി മാറിയിരുന്നില്ലെങ്കിലും ഞാന്‍ വരുമായിരുന്നു. ആദ്യമായാണ് എനിക്ക് ഇത്രയും നല്ല സുഹൃത്തുക്കളെ കിട്ടിയത്. പരസ്പരം കാണാതിരിക്കാനും വിളിക്കാതിരിക്കാനും കഴിയാത്ത വിധം നമ്മള്‍ തമ്മില്‍ അടുത്തു കഴിഞ്ഞുവെന്ന് ഇന്നാണ് ബോധ്യമായത്.

റ : ജാബിര്‍ പറഞ്ഞത് ശരിയാ, ആദ്യമായിട്ടാണ് എനിക്കും ഇത്ര നല്ല ഒരു കൂട്ടു കെട്ട് ലഭിച്ചത്. എല്ലാറ്റിനും കാരണം, ഹനീഫക്കായും സുബൈര്‍ ഭായിയും ആണ്. ഇന്ന് കാലത്ത് ഹനീഫ്ക്കാക്ക് ഫോണ്‍ ചെയ്തപ്പോള്‍ ആണ്, സുബൈര്‍ ഭായിയുടെ പാസ്റ്റും പിന്നീട് ഉസ്താദുമായി ഹിദായത്തുല്ല എന്ന ആത്മ മിത്രം ബന്ധപ്പെടുത്തിത്തന്നതും, ഉസ്താദുമായുള്ള ബന്ധത്തിന് ശേഷം അടിമുടി ആള് മാറിയതും ഒക്കെ ഞാന്‍ അറിയുന്നത്. സത്യത്തില്‍ ഇത്രയും നല്ലൊരു ബന്ധം നമുക്കിടയില്‍ വന്നതിനും മൂല കാരണം ആ മഹത് ഗുരു തന്നെ. എനിക്കും ആ മഹാനെ ഒന്ന് കാണണം, അവിടുത്തെ ശിഷ്യനാകണം, ഇന്‍ശാ അല്ലാഹ്!

സു : പ്രിയപ്പെട്ട സ്നേഹിതന്‍മാരേ, എന്‍റെ ഗുരു മുഹമ്മദ് കുഞ്ഞി ബാവ ഉസ്താദ്, വളാഞ്ചേരിയിലെ എടയൂരിലാണ് താമസം. ഇന്‍ശാ അല്ലാഹ്, ആ ഗുരുവിനെക്കുറിച്ചും, അവിടത്തെ ഗുരുക്കന്മാരെക്കുറിച്ചുമൊക്കെ നമുക്ക് സംസാരിക്കാം, പിന്നീട്.
എന്‍റെ ആത്മ മിത്രം ഹിദായത്തുല്ല, ഉസ്താദിന്‍റെ അടുത്തെത്തിയതും, പിന്നീട് അവന്‍ ഞങ്ങളെയെല്ലാം ഒരൊറ്റ സൗഹൃദ വലയത്തില്‍, ഏറെ കഷ്ടപ്പെട്ട് ഒന്നിപ്പച്ചതും, അങ്ങിനെ ഒരു പാട് ഒരു പാട് നമുക്ക് പറയാനുണ്ട്. ഒക്കെ, ഇന്‍ശാ അല്ലാഹ്, നമ്മുടെ വിഷയം പൂര്‍ത്തിയാക്കിയിട്ട് പറയാം. അത് വരെ അതേക്കുറിച്ചോ ഗുരുവിനെക്കുറിച്ചോ ഒന്നും ചോദിക്കരുത്.

ഹ : എന്നാല്‍ നമുക്ക് തുടങ്ങാം. പക്ഷെ, എന്‍റെ അനിയന്‍ നാട്ടില്‍ നിന്ന് വന്നപ്പോള്‍ കൊണ്ട് വന്ന ഉണ്ണിയപ്പം കഴിച്ചിട്ടാകാം..

(അപ്പോഴേക്ക് റഫീഖ് പോയി നാല് ചായക്ക് ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞിരുന്നു. കൂട്ടുകാരുടെ ഉത്സാഹവും കാര്യങ്ങള്‍ അറിയാനുള്ള വ്യഗ്രതയും കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ഇനിയും ധാരാളം ആളുകള്‍ ഇത്തരം നല്ല സ്വഭാവക്കാരായി ഉണ്ടാകുമല്ലോ, പക്ഷെ, എങ്ങിനെ തിരിച്ചറിയും. ഓരോ ദിവസം എത്രയേറെ ആളുകളെയാണ് നാം കാണുന്നത്. പക്ഷെ ആരൊക്കെ ഏതൊക്കെ തരക്കാരാണെന്ന് എങ്ങിനെ അറിയാനാ..
ദാ ചായ, എന്നും പറഞ്ഞ് ചായ നീട്ടിയപ്പോള്‍ അത് വാങ്ങിച്ച് നല്ലൊരു ഇടം നോക്കി ഞാന്‍ അവിടെയിരുന്നു..)


(തുടരും...)

Sunday, 25 January 2009

നാം അറിയാതെ പോകുന്നത് .... (അഞ്ച്)

സഹോദരാ, എന്‍റെ ചില ബ്ലോഗ് അഡ്രസുകള്‍ ഇവിടെ കുറിക്കുന്നു. തരം കിട്ടിയാല്‍ വായിച്ച് നോക്കി, പ്രതികരണം കുറിക്കണം.
http://subikkuttan.blogspot.com/
http://zubimahboobi.blogspot.com/
http://subumahboobi.blogspot.com/
സത്യത്തിന് വേണ്ടി ഒരു അന്വേഷണം എന്ന ശീര്‍ശകത്തില്‍ ആറ് ഭാഗങ്ങളിലായി ചിലതെല്ലാം ഞാന്‍ അവിടെ കുറിച്ചിട്ടിട്ടുണ്ട്. അവയില്‍ ഏതാണ്ടെല്ലാം ഞങ്ങളുടെ ഈ സംസാരത്തില്‍ വന്നിട്ടുമുണ്ടായിരുന്നു. നിങ്ങള്‍ക്ക് ഞാന്‍ എഴുതുന്ന ഈ കത്ത് ഇതുപോലെത്തന്നെ ‍ഞാന്‍ ഒരു ബ്ലോഗ് തുറന്നു.
http://zmahboobi.blogspot.com/



(കത്ത് ---------- ഭാഗം 05)

അസ്സലാമു അലൈകും.

പ്രിയ സ്നേഹിതാ..,

ഒരു കഥ പറഞ്ഞോട്ടേ, വല്ല പോയിന്‍റും ഉണ്ടെങ്കില്‍ ഓര്‍ത്ത് വെക്കാം.

താന്‍ ഭാര്യയുമായുള്ള ബന്ധത്തിന്‍റെ സുഖം അറിഞ്ഞിട്ടില്ല, എന്ന് തന്‍റെ ഭര്‍ത്താവ് ആരോടോ പറഞ്ഞതായി ആ മഹതി അറിഞ്ഞു. അവര്‍ തീര്‍ത്തും സതബ്ധയായിപ്പോയി. കാരണം, അവര്‍ക്ക് മക്കള്‍ ഉണ്ടായിട്ടുപോലും എന്തു കൊണ്ടാണ് അദ്ദേഹം അങ്ങിനെ പറഞ്ഞത്?

ഭര്‍ത്താവിന്‍റെ കണിശമായ ദീനീ ചിട്ടയും അചഞ്ചലമായ വിശ്വാസവും ശരിക്കും അറിയാവുന്ന ആ മഹതി, പക്ഷെ, ഈ വിഷയത്തില്‍ എന്തോ ഒരു വസ്തുത ഉണ്ടാകാതിരിക്കില്ല എന്ന് തീര്‍ച്ചപ്പെടുത്തി.
അദ്ദേഹം വരുന്പോള്‍ നേരിട്ട് ചോദിക്കാം എന്നു തന്നെ അവര്‍ തീരുമാനിച്ചു.

ഭര്‍ത്താവ് വീട്ടില്‍ എത്തിയപ്പോള്‍ നല്ല ഒരു അവസരത്തിനായി അവര്‍ കാത്ത് നിന്നു. അവസാനം തന്‍റെ മനസ്സിലെ ശങ്ക അവര്‍ വെളിപ്പെടുത്തി.
പുഞ്ചിരിച്ചുകൊണ്ട് ആ മഹാമനീഷി പറഞ്ഞു: “മോളേ, ഞാന്‍ പറഞ്ഞത് തീര്‍ത്തും സത്യമാണ്! ഞാന്‍ അക്കാര്യം നിനക്ക് മനസ്സിലാക്കിത്തരാം.”

അന്ന് അവരുടെ അടുത്തുള്ള ബന്ധുവീട്ടില്‍ കല്യാണമായിരുന്നു.
രാത്രിക്കല്യാണത്തിന് പോകാന്‍ വേണ്ടി ഒരുങ്ങി നിന്ന തന്‍റെ ഭാര്യയുടെ കയ്യില്‍ ഒരു വിളക്ക് കൊടുത്തു കൊണ്ട് ആ മഹാന്‍ പറഞ്ഞു: “നീ കല്യാണത്തിന് ഈ വിളക്കും പിടിച്ച് പോവുക. ഇത് കെട്ടു പോകരുത്. തിരിച്ച് വന്നു എന്നെ കാണിക്കുന്നത് വരെ ഇത് കെട്ടുപോകാതെ സൂക്ഷിക്കണം. ഇതെങ്ങാനും കെട്ടാല്‍ പിന്നെ നമ്മള്‍ തമ്മിലുള്ള ബന്ധം അവിടെ വെച്ച് തീരും! ”

തന്‍റെ ഭര്‍ത്താവിന്‍റെ അപ്രതീക്ഷിതമായുള്ള പെരുമാറ്റത്തില്‍ അവര്‍ നടുങ്ങിപ്പോയി. കല്യാണത്തിന് പോകാതെ വയ്യ. പോകുന്ന പക്ഷം ഈ വിളക്ക് കെടാതെ സൂക്ഷിച്ചേ പറ്റൂ. ഇതാണ് അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം.

സ്നേഹസന്പന്നനായ ഭര്‍ത്താവില്‍ പെട്ടെന്നുണ്ടായ ഭാവമാറ്റത്തിലുള്ള തളര്‍ച്ചയില്‍ ആ മഹതി വളരെ മനോവിഷമത്തോടെയാണ് കല്യാണത്തിന് പുറപ്പെട്ടത്. ചുറ്റുപാടുകളില്‍ നിന്നും വരുന്ന കാറ്റോ മറ്റു വല്ലതോ ഏറ്റ് ആ വിളക്ക് കെട്ടു പോകാതിരിക്കാന്‍ നന്നേ കഷ്ടിച്ചു.

പിന്നീട് അതിസാഹസികമായി തിരിച്ചെത്തിയ ഭാര്യയെ കണ്ട പാടേ, ഈറനണിഞ്ഞ കണ്ണുകളോടെ അദ്ദേഹം അവരെ വരവേറ്റു.
എന്നിട്ട് ചോദിച്ചു: “നീ കല്യാണത്തില്‍ പങ്കെടുത്തില്ലേ?”

: “അതെ”

: “ഭക്ഷണം കഴിച്ചോ?”

: “അതെ”

: “എന്തൊക്കെ വിഭങ്ങളുണ്ടായിരുന്നു?”

: “അത്... അത്...”

അപ്പോള്‍ ആ മഹതി ചിന്തയിലാണ്ടു. ഒന്നും ഒരു എത്തും പിടിയും കിട്ടുന്നില്ല. ആ വീട്ടിലെത്തുന്നതിന് തൊട്ടു മുന്പ് ഒരു ചെറുമതില്‍ കടക്കേണ്ടതുണ്ട്. അവിടെയെത്തുന്പോള്‍ എല്ലാ പ്രാവശ്യവും താന്‍ ഒന്ന് കൂടുതല്‍ ശ്രദ്ധിക്കാറുള്ളതാണ്. ഒരിക്കല്‍ തെന്നി വീണതാണതിന് കാരണം.
ഈ രാത്രി പക്ഷെ, അതല്ലാതെ വേറെ ഒരു വഴിയിലൂടെയും തനിക്ക് അവിടെ എത്താവതല്ല, എന്നാലോ അത് കടന്ന് പോയത് ഓര്‍മ്മ വരുന്നില്ല.
ആ വീട്ടില്‍ കുറേ ആളുകളെ കാണുകയും കുശലം പറയുകയും ഒക്കെ ചെയ്തിട്ടുണ്ട്. പുതു പെണ്ണിനെയും കണ്ട് സംസാരിച്ചതാണ്. പക്ഷെ എല്ലാം ഒരു പഴയ ചിത്രം പോലെ അവ്യക്തമായേ ഓര്‍ത്തെടുക്കാന്‍ കഴിയുന്നുള്ളൂ.
എങ്ങിനെ ഇത് സംഭവിക്കാതിരിക്കും.
അത്രയും കഠിനമായ ഒരു ഊരാക്കുടുക്കിലായിരുന്നല്ലോ മനസ്സ് മുഴുക്കെയും.
തന്‍റെ ശ്രദ്ധ മുഴുവന്‍ ആ വിളക്ക് കെടാതെ സൂക്ഷിക്കുന്നതിലായതിനാല്‍, താന്‍ കഴിച്ച ചോറിന്‍റെ സ്വാദു പോലും അറിഞ്ഞിട്ടില്ല. എത്രത്തോളം, ആട്ടിന്‍ കറിയാണോ കോഴിക്കറിയാണോ എന്ന് പോലും നിശ്ചയമില്ല, ഇറച്ചിക്കറി ആണെന്ന് മാത്രം അറിയാം...

: “ഹല്ലാ, ഇതെന്തു പറ്റി? തനി വട്ട് പിടിച്ചോ? എവിടെയാ ഇരിക്കുന്നത്?”

ങേ,
അപ്പോഴാണ് ശ്രദ്ധിക്കുന്നത്, നാളേക്കുള്ള അപ്പം ഉണ്ടാക്കാനുള്ള പൊടി എടുത്ത് വെക്കാന്‍ ചെന്നതായിരുന്നു. ഇപ്പോഴിതാ, ആ പൊടിക്കുടുക്കയില്‍ കേറി ഇരിക്കുന്ന ഇരിപ്പാ..

പിറ്റേന്ന് നേരം വെളുത്ത്, തന്‍റെ ഭര്‍ത്താവ് വെളിയില്‍ പോകാന്‍ ഒരുങ്ങവേ ചോദിച്ചു: “ഞാന്‍ ഇന്നലെ വന്ന പാടേ നീ ചോദിച്ച ചോദ്യം എന്തായിരുന്നു. ഞാന്‍ മറുപയി പറഞ്ഞില്ലല്ലോ, എന്തായിരുന്നു ആ സംശയം..?”

അല്‍പം നാണവും, തനിക്ക് കാര്യം പിടികിട്ടിയ സന്തോഷവും എന്നാലും ഇത്രക്ക് കടുംകൈ തന്നോട് ചെയ്തില്ലേ എന്ന പരിഭവവും എല്ലാം ചേര്‍ന്ന ഒരു ചിരിയുടെ അകന്പടിസേവിച്ച് ആ മഹതി പറഞ്ഞു: “ഒന്നുമില്ല!”
__________

സ്നേഹിതാ..,
ഇതാണത്രേ, ദുനിയാവില്‍ ഒരു മുഅമിനിന്‍റെ അവസ്ഥ!
അവനും ദുനിയാവും തമ്മിലുള്ള ബന്ധം ഒരു പക്ഷെ, പുറത്തുള്ളവരുടെ മുന്പില്‍ ഭയങ്കരമായിരിക്കും. എന്നാലോ, അവന്‍റെ മനസ്സ് സദാ നേരയും റബ്ബിന്‍റെ തൃപ്തി തേടിയും റബ്ബിന്‍റെ കോപത്തെ ഭയന്നും കൊണ്ടിരിക്കുന്ന ഒരു പ്രത്യേക അവസ്ഥയിലായിരിക്കും.

സുഹൃത്തെ,
ഈ അന്യനാട്ടില്‍ തിരക്കിട്ട ജോലികളില്‍ ഏര്‍പ്പെട്ട് നന്നായൊന്ന് വിശ്രമിക്കാന്‍ കിട്ടുന്ന സമയങ്ങള്‍, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കാന്‍ എന്‍റെ ഈ കൂട്ടുകാര്‍ക്ക് ഒരുമടിയുമില്ല.

ജീവിതത്തിന്‍റെ നല്ല നല്ല ദിവസങ്ങള്‍ ഒരുപാട് ഞാന്‍ വെറുതേ നശിപ്പിച്ചിട്ടുണ്ട്. ഇപ്പോഴെങ്കിലും ദീനിനെക്കുറിച്ചും റബ്ബിനെക്കുറിച്ചും ചിന്തിക്കാന്‍ എനിക്ക് തോന്നിയല്ലോ.., എന്ന് പറഞ്ഞ് ഹനീഫ്ക്ക നന്നായി നെടുവീര്‍പ്പുടുന്നു.
സിഗരറ്റിന്‍റെ അവസാന പുകയും വലിച്ചെടുത്ത് ജാബിര്‍ കുറ്റി വലിച്ചെറിഞ്ഞ് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
എന്‍റെ കീശയിലുണ്ടായിരുന്ന പേനയെടുത്ത് കൊണ്ട് റഫീഖ് വെറുതെ എന്തൊക്കെയോ കുറിച്ച് കൊണ്ടിര്ക്കുന്നു..

ഞങ്ങളുടെ സംസാരം വീണ്ടും തുടര്‍ന്നു..
ആ സംസാരത്തിന്‍റെ ചില ഭാഗങ്ങളിലേക്ക്....

(സു – സുബൈര്‍ ; ഹ – ഹനീഫ് ; ജ – ജാബിര്‍ ; റ – റഫീഖ്)
.........................................................................
.........................................................................
.........................................................................
.........................................................................

സു : ആദ്യമായി നാം മനസ്സിലാക്കേണ്ട കര്യം, നാം ഇക്കാണുന്ന ലോകത്തിന് പുറമെ, ഇവിടെ വ്യത്യസ്തങ്ങളായ അനവധിലോകങ്ങള്‍ ഉണ്ട്.
അതു കൊണ്ടാണ്ألْحَمْدُ لله رَبَّ الْعاَلَمِين (സര്‍വ്വ ലോകങ്ങളുടെയും റബ്ബായ അല്ലാഹുവിന്നാണ് സര്‍വ്വസ്തുതിയും) എന്ന് ഖുര്‍ആന്‍ പറഞ്ഞത്.
“പെരുപ്പം പടപ്പെല്ലാം ഒരു മുത്താലേ..
പെരിയോന്‍ അമൈത്തു തന്‍ ഖുദ്റത്താലേ...”
എന്ന് തുടങ്ങുന്ന ഗാനത്തില്‍ നാം സാധാരണ ഗതിയില്‍ കേള്‍ക്കാന്‍ ഇടയില്ലാത്ത ചില ലോകങ്ങളെക്കുറിച്ചൊക്കെ, വളരെ ചെറുതായെങ്കിലും, വിവരിച്ചിട്ടുണ്ട്.
ആലം അര്‍വാഹ് -- റൂഹുകളുടെ ലോകം,
ആലും അജ്സാം -- ശരീരങ്ങളുടെ ലോകം
ആലം മിസാല്‍ -- രൂപങ്ങളുടെ ലോകം..... എന്നിങ്ങിനെ ആയിരക്കണക്കായ വ്യത്യസ്ത ഇനം ലോകങ്ങള്‍ ഉണ്ട്.
ഇതില്‍ ആലം അര്‍വാഹ് (റൂഹുകളുടെ – ആത്മാക്കളുടെ – ലോകം) ആണ് നമ്മുടെ വിഷയവുമായി ബന്ധപ്പെട്ടിട്ടുള്ളത്..
ആദം നബിതൊട്ട്, ഏറ്റവും ഒടുവില്‍ പിറക്കുന്ന കുഞ്ഞടക്കമുള്ളവരുടെ ആത്മാക്കള്‍ ആലം അര്‍വാഹില്‍ ഒന്നിച്ചുണ്ടായിരുന്നു. ആ ലോകത്ത് വെച്ച് ഒട്ടനവധി സംഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഹ : ചെറുപ്പത്തിലൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ടായിരുന്നു, നമ്മളെല്ലാരും ആദം നബിയുടെ കൂടെ ഉണ്ടായിരുന്നു എന്നും മറ്റുമൊക്കെ. സംഗതി ഇതാണല്ലേ..

സു : ശരിയാണ്, പഴയ കാലങ്ങളിലൊക്കെ ഇക്കാര്യങ്ങളെക്കുറിച്ച് കുറച്ചെങ്കിലും ആളുകള്‍ ചിന്തിക്കാനും സംസാരിക്കാനുമൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം പോയില്ലേ?

റ : ഈ ആലം അര്‍വാഹ് എവിടെയാണുള്ളത്?

സു : അക്കാര്യം ഇന്‍ശാ അല്ലാഹ്, നമുക്ക് പിന്നീട് മനസ്സിലാക്കാം. അത് അറിഞ്ഞിരിക്കേണ്ട കാര്യം തന്നെയാണ്.
എന്തായാലും, ഒരു കാര്യം നമുക്ക് ചിന്തിക്കാം..
ഭാര്യയും ഭര്‍ത്താവും തമ്മില്‍ കൈമാറപ്പെടുകയും അവളുടെ ഗര്‍ഭാശയത്തില്‍ മെല്ലെ മെല്ലെ വ്യത്യസ്ത ഘട്ടങ്ങളുലൂടെ വളരുകയും ചെയ്യുന്നത് ശരീരമാണ്. അവരുടെ ബന്ധപ്പെടലിലൂടെ ആത്മാവ് കൈമാറപ്പെടുമോ?

ജ : അതൊരിക്കലുമില്ല, പക്ഷെ, പിന്നീട് എങ്ങിനെ ഈ ആത്മാവ് ഉണ്ടായി?

സു : അതാണ് ചിന്തിക്കേണ്ടത്: “എന്‍റെ റൂഹില്‍ നിന്ന് ഞാന്‍ അതില്‍ ഊതി” എന്ന് വിവരിക്കുന്ന ഒരു ഖുര്‍ആന്‍ വചനമുണ്ട്.
വളരെ ചുരുക്കിപ്പറഞ്ഞാല്‍ അല്ലാഹുവിന്‍റെ പക്കല്‍ നിന്നാണ് റൂഹിന്‍റെ വരവ്. ഗര്‍ഭാവസ്ഥ ഏതാണ്ട് നാലാം മാസമാകുന്പോഴാണ് റൂഹ് നല്‍കപ്പെടുന്നത്. ഭാര്യാഭര്‍തൃ വേഴ്ചയിലൂടെ ഒരിക്കലും റൂഹിന്‍റെ കൈമാറ്റം നടക്കുന്നില്ല.
ഓരോ നേരവും നാം പറയുന്നതിനും അപ്പുറത്തേക്ക് നിങ്ങള്‍ ചിന്തിക്കണം. പറയുന്നതെല്ലാം താക്കോലുകള്‍ മാത്രം. അത് വെച്ച് ഒരോന്നും തുറന്ന് നോക്കി കാര്യം ഗ്രഹിക്കണം. അല്ലെങ്കില്‍ ഗ്രന്ഥം ചുമക്കുന്ന കഴുതകളെപ്പോലെയാകും നമ്മുടെ അവസ്ഥ!
അപ്പോള്‍ അല്ലാഹുവിന്‍റെ ഭാഗത്തു നിന്നാണ് റൂഹ് വരുന്നത്, അല്ലേ?

ഹ : അതെ,

സു : ഇനി, മരണം എന്നാല്‍ എന്താണെന്ന് പറയാമോ?

ജ : ശരീരവും ആത്മാവും വേര്‍പിരിയുന്നതാണ് മരണം.

സു : ശരിയാണ്, ശരീരത്തില്‍ നിന്ന് ആത്മാവ് സ്വതന്ത്രമാകുന്നതാണ് മരണം. രണ്ടും പിരിഞ്ഞ് കഴിഞ്ഞാല്‍ നമുക്ക് കിട്ടുന്നത്, വെറും ജഡം മാത്രമാണ്, അഥവാ, മയ്യിത്ത്. നാം അതിനെ വേണ്ട രീതിയില്‍ സംസ്കരിച്ച് മണ്ണില്‍ മറവ് ചെയ്യുന്നു. അന്നേരം ആത്മാവിന് എന്ത് സംഭവിക്കുന്നു എന്ന് നോക്കാം..
മരണം സംഭവിച്ച് കഴിഞ്ഞാല്‍ ആത്മാവിനെ വരവേല്‍ക്കാന്‍ മലക്കുകള്‍ വരും. ദുര്‍ നടപ്പുകാരുടെ ആത്മാവ് സബാനിയാക്കളായ മലക്കുകളും (ശിക്ഷകള്‍ കൊണ്ട് പെരുമാറാന്‍ ഏല്‍പിക്കപ്പെട്ട മലക്കുകള്‍ എന്ന് മാത്രം ഇപ്പോള്‍ നമുക്ക് ആ വിഭാഗം മലക്കുകളെ പരിചയപ്പെടാം. വിശദമായി അവനവന്‍റെ അദ്ധ്വാനത്തിനനുസരിച്ച് കണ്ടെത്താനാകും)
നല്ല മനുഷ്യരാണെങ്കിലോ, റഹമത്തിന്‍റെ മലക്കുകളാണ് അവരെ വരവേല്‍ക്കുന്നത്. നല്ലവരുടെ ആത്മാവ് ഇല്ലിയ്യീന്‍ എന്നിടത്തും ദുര്‍ നടപ്പുകാരുടെത്, സിജ്ജീല്‍ എന്നിടത്തും ആണെത്തുക.
വളരെ ചുരുക്കിപ്പറഞ്ഞാല്‍, ആത്മാവ് അല്ലാഹുവിന്‍റെ ഭാഗത്ത് നിന്ന് വന്ന് അല്ലാഹുവിന്‍റെ ഭാഗത്തേക്ക് തന്നെ മടങ്ങുന്നു.
നമ്മള്‍ കൂടെക്കൂടെ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്പോള്‍ മറ്റു വിശദീകരണങ്ങള്‍ തരം പോലെ നമുക്ക് വിവരിക്കാം..

(അപ്പോള്‍ ഹനീഫ്ക്കാക്ക് ഒരു ഫോണ്‍കാള്‍ വന്നു. പെട്ടെന്ന് ചില കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ഞാനും അല്‍പം തിരക്കിലായിരുന്നു. മഞ്ഞ് കൂടുതലായിത്തുടങ്ങും മുന്പേ റൂമിലെത്തിയില്ലെങ്കില്‍ ജലദോഷം അധികമാകും എന്നൊരു മുന്നറിയിപ്പ് ജാബിറിന് കൊടുത്ത്, അന്ന് ഞങ്ങള്‍ പിരിഞ്ഞു. എന്തു തന്നെ വന്നാലും നാളെ നമുക്ക് കാണണമെന്ന് പറഞ്ഞ് റഫീഖ് പിരിയുന്പോള്‍ സമയം പതിനൊന്നര കഴി‍ഞ്ഞിരുന്നു...)
(തുടരും...)

Thursday, 22 January 2009

നാം അറിയാതെ പോകുന്നത്... (നാല്)

സഹോദരാ, എന്‍റെ ചില ബ്ലോഗ് അഡ്രസുകള്‍ ഇവിടെ കുറിക്കുന്നു. തരം കിട്ടിയാല്‍ വായിച്ച് നോക്കി, പ്രതികരണം കുറിക്കണം.
http://subikkuttan.blogspot.com/
http://zubimahboobi.blogspot.com/
http://subumahboobi.blogspot.com/
സത്യത്തിന് വേണ്ടി ഒരു അന്വേഷണം എന്ന ശീര്‍ശകത്തില്‍ ആറ് ഭാഗങ്ങളിലായി ചിലതെല്ലാം ഞാന്‍ അവിടെ കുറിച്ചിട്ടിട്ടുണ്ട്. അവയില്‍ ഏതാണ്ടെല്ലാം ഞങ്ങളുടെ ഈ സംസാരത്തില്‍ വന്നിട്ടുമുണ്ടായിരുന്നു. നിങ്ങള്‍ക്ക് ഞാന്‍ എഴുതുന്ന ഈ കത്ത് ഇതുപോലെത്തന്നെ ‍ഞാന്‍ ഒരു ബ്ലോഗ് തുറന്നു.
http://zmahboobi.blogspot.com/



(കത്ത് ---------- ഭാഗം 04)

അസ്സലാമു അലൈകും.

പ്രിയ സ്നേഹിതാ..,

ഓരോ വസ്തുവിന്നും അതിന്‍റെ ഒരു ആത്മാവ് ഉണ്ടാകും. ഉദാഹരണത്തിന് ഒരു പേനയുടെ കാര്യം തന്നെ നോക്കാം. പേനക്ക് ഒരു ആത്മാവുണ്ടെങ്കില്‍ എന്താണത്?
അതിലെ മഷിയാണ്, അല്ലേ?
മഷിയില്ലെങ്കില്‍, ഒരു പക്ഷെ മൗണ്ട് ബ്ലാക്ക് പോലുള്ള വലിയ വിലപിടിപ്പുള്ള പേനകളാണെങ്കില്‍ കാഴചക്കായ് ഷോ കെയ്സിലോ മറ്റോ വെക്കാന്‍ പറ്റിയേക്കാം. പക്ഷെ, ഒരു പേന എന്ന നിലക്ക് അതിന്‍റെ പണി നടക്കാന്‍ (എഴുതാന്‍) മഷി തന്നെ വേണം. അഥവാ, പേനയുടെ ആവശ്യം വെച്ച് നോക്കുന്പോള്‍, ഒരു പക്ഷെ, മഷിയില്ലാത്ത മൗണ്ട് ബ്ലാക്കിനേക്കാള്‍‍ എത്രയോ ഉപകാരപ്രദമാണ് മഷിയുള്ള വെറുമൊരു സ്റ്റിക്ക് ഈസി പേന.

ഇനി ഒരു വാര്‍ത്താ ദിന പത്രത്തെ കുറിച്ച് ചിന്തിച്ച് നോക്കൂ.
വാര്‍ത്താ ദിനപ്പത്രം എന്ന നിലയില്‍ അതിന്‍റെ ആത്മാവ് വാര്‍ത്തകള്‍ ആണ്. അല്ലേ?
അഥവാ, വാര്‍ത്ത അതില്‍ ഒന്നും വന്നിട്ടില്ലെങ്കില്‍, ആ പേപ്പര്‍ കൊണ്ട് ഒരുപാട് പ്രയോജനങ്ങള്‍ ഉണ്ടെങ്കില്‍ തന്നെയും (തുടക്കാനോ, വല്ലതും വരക്കാനോ, ഭക്ഷണസാധനങ്ങളും മറ്റും നിരത്തിവെക്കാനോ ഒക്കെ ഉപയോഗിക്കാമല്ലോ) വാര്‍ത്താ പത്രം എന്ന നിലക്ക് അതെക്കൊണ്ട് ഒരു ഫലവുമില്ല.
അതായത്, നമ്മുടെ റൂഹിനെ (റൂഹ് – ആത്മാവ്), അഥവാ, യഥാര്‍ത്ഥത്തിലുള്ള നമ്മെ നാം തിരിച്ചറിഞ്ഞ് പ്രവര്‍ത്തനങ്ങള്‍ ചെയ്ത് പരിശീലിച്ചില്ലെങ്കില്‍, (നല്ലതോ മോശപ്പെട്ടതോ ആയ ഒരു പാട് കാര്യങ്ങള്‍ ചെയ്യാന്‍ ശരീരം കൊണ്ട് നമുക്ക് സാധിച്ചാല്‍ തന്നെയും) ഒരു മനുഷ്യന്‍ എന്ന നിലയില്‍ നാം ഒന്നിനും കൊള്ളരുതാത്തവനായിത്തീരും...

അക്കാര്യങ്ങളിലേക്കും ആത്മാവിന്‍റെ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ സാധ്യമാക്കാമെന്നതിലേക്കുമൊക്കെ ഒരു ചിന്ത നല്‍കാനും ചെറിയ തൊതിലെങ്കിലും ഒരു അവബോധം നല്‍കാനും ഒരു ശ്രമം എന്ന നിലയിലായിരുന്നു ഞാന്‍ ആ മനുഷ്യനോട് സംസാരത്തിലേര്‍പ്പെട്ടത്.
സുഹൃത്തെ, അവയില്‍ വല്ലതും നിങ്ങള്‍ക്കും ഉപകാരമാകുമെങ്കില്‍ നല്ലതാണല്ലോ എന്ന ചിന്തയാണ് ഈ നിലക്കാത്ത കത്തെഴുത്തിലേക്ക് എന്നെ നയിച്ചത്.
പിന്നീടാണ് ആലോചിച്ചത്, നിങ്ങളുടെ സമ്മതമുണ്ടെങ്കില്‍ ഈ കത്ത് ഒന്നു ബ്ലോഗ് ചെയ്താല്‍, ജ്ഞാനദാഹികളായ അന്വേഷികള്‍ക്ക് ഒരു പ്രചോദനവും, ഒരു പക്ഷെ ഒരു വഴികാട്ടി തന്നെയും ആകുമല്ലോ എന്ന് ചിന്തിച്ചത്.

സ്നേഹിതാ,
നല്ലവരായ ചില മനുഷ്യര്‍ എന്‍റെ ഈ ബ്ലോഗില്‍ പ്രതികരണങ്ങള്‍ കുറിച്ചു തുടങ്ങി. സര്‍വ്വരക്ഷകനായ നാഥന്‍ നമ്മെയെല്ലാവരേയും ഈ ഘനാന്ധകാരങ്ങളില്‍ നിന്ന് ദിവ്യ വെളിച്ചത്തിലേക്ക് വഴി നടത്തട്ടേ, എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.
നമ്മുടെ കത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ തുടര്‍ച്ച ഇവിടെ കുറിക്കുന്നു..

(ഞ: ഞാന്‍; അ: അപരന്‍)
.........................................................................
.........................................................................
.........................................................................
.........................................................................

ഞ എന്താ പറയാത്തേ..?

അ അത്... അതൊരു കഥയാണ്. എന്‍റെ ഒരു സ്നെഹിതന്‍റെ റൂമില്‍ നിന്ന് കിട്ടിയ ഒരു പേപ്പറിന്‍റെ തുണ്ടില്‍ നിന്നാണ് എനിക്കത് കിട്ടിയത്. ആ പേപ്പര്‍ കഷ്ണം ഞാന്‍ എടുത്ത് സൂക്ഷിച്ച് വെച്ചിട്ടുണ്ട്
(അയാള്‍ തന്‍റെ പേഴ്സ് തിടുക്കത്തില്‍ എടുത്ത് ഓരോ അറയും പരതാന്‍ തുടങ്ങി. ഞങ്ങള്‍ ആകാംക്ഷരായി നോക്കി നില്‍ക്കുന്പോള്‍ ഒരു പേപ്പര്‍ കഷ്ണം അയാള്‍ പുറത്തെടുത്തു. അത് നന്നേ മുഷിഞ്ഞരുന്നു. മടക്കിവെച്ചത് കാരണം മടക്കുകള്‍ വീണിടത്തെല്ലാം പൊട്ടിത്തുടങ്ങിയിട്ടുണ്ടായിരുന്നു. അതെടുത്ത് അതീവ ശ്രദ്ധയോടെ നിവര്‍ത്തുന്പോള്‍ എല്ലാവരുടെയും മുഖത്തെ ആകാംക്ഷയും അയാളുടെ മുഖത്ത് നിറഞ്ഞ് നില്‍ക്കുന്ന സന്തോഷവും ഞാന്‍ ഏറെ ആസ്വദിച്ചു.)
ദാ..
ഇതാണത്... (അയാള്‍ ആ പേപ്പര്‍ എന്‍റെ കയ്യില്‍ തന്നു. അപ്പോള്‍ മറ്റൊരാള്‍ “ഞാന്‍ വായിച്ച് തരാം” എന്ന് പറഞ്ഞ് എന്നോട് ആ പേപ്പര്‍ ചോദിച്ചു വാങ്ങി. എന്നിട്ട് ഉറക്കെ വായിക്കാന്‍ തുടങ്ങി)
സുഹൃത്തെ,
ഞാന്‍ അവരുടെ പേരുകള്‍ അവരുടെ സമ്മതപ്രകാരം തന്നെ ഇനിമുതല്‍ ഈ കത്തില്‍ കുറിക്കാം.. ഞാന്‍ സംസാരിക്കുന്നത് ഹനീഫ് എന്ന ആളോടാണ്. കേട്ടു കൊണ്ട് കൂടെ ഉള്ളവര്‍ ഒരാള്‍ ജാബിറും ഒരാള്‍ റഫീഖുമാണ്. അവര്‍ ഇരുവരും ആദ്യമാദ്യം വെറുതേ കേള്‍ക്കുകയായിരുന്നെങ്കിലും മെല്ലെ മെല്ലെ ഞങ്ങളുടെ സംസാരത്തില്‍ ലയിച്ച് പോയിരുന്നു. പിന്നെപ്പിന്നെ ഇടക്കെന്തെ ങ്കിലും പ്രതികരണങ്ങള്‍ അവരും തുടങ്ങി. റഫീഖാണ് കത്ത് വാങ്ങി ഉറക്കെ വായിച്ച് തുടങ്ങിയത്.
(സു – സുബൈര്‍
ഹ – ഹനീഫ്
ജ – ജാബിര്‍
റ – റഫീഖ്)

റ തന്പുരാന്‍റെ ഓരോ ചെയ്തികളേ..യ്
ഇതാണ് ഹെഡ്ഡിങ്ങ്. ഇനി കഥ വായിക്കാം.

സു ഊം..

റ കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു ലത്തീഫ് നാട്ടില്‍ വന്നത്. ചെറുപ്പം തൊട്ടേ ഒരുമിച്ച് കളിച്ച് വളര്‍ന്നവരായിരുന്നു ഞങ്ങള്‍. അവന്‍ കളിയിലും പഠനത്തിലും ഒരു പോലെ മിടുക്കനായിരുന്നു. പക്ഷെ, പത്താം ക്ലാസ്സില്‍ പഠിച്ച് കൊണ്ടിരിക്കുന്പോളാണ്, ദുബായില്‍ ഒരു കന്പനിയില്‍ ഓര്‍ഡിനറി ലേബറായിരുന്ന അവന്‍റെ ഉപ്പ അബ്ദുക്ക മരിച്ചത്. നല്ലവരായിരുന്ന അബ്ദുക്ക നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു.
ഉപ്പ മരിച്ച ശേഷം തനിക്ക് താഴെയുള്ള 4 സഹോദരികള്‍ക്കും ഉമ്മ ആയിശുത്താത്താക്കും ഏക ആശ്രയം ലത്തീഫായിരുന്നു. എല്ലാ വര്‍ഷവും ഒന്നാം റാങ്ക് നിലനിര്‍ത്തിയിരുന്ന അവന്‍ സ്കൂളിന്‍റെ അഭിമാനമായി വരികയായിരുന്നെങ്കിലും നിര്‍ബന്ധിതനായി പഠനം നിര്‍ത്തേണ്ടി വന്നു. ആയിടക്ക് സ്നേഹവായ്പുകളോടെ ടീച്ചര്‍മാരും മാഷുമാരും അവന്‍റെ വീട്ടില്‍ പലപ്പോഴായി വന്നു പോകുന്നത് ഞാന്‍ കണ്ടതായിരുന്നു. എന്തായാലും അതൊന്നും ഫലം കണ്ടില്ല, ലത്തീഫ് തന്‍റെ ഉപ്പാന്‍റെ പണിയുമായി ഗള്‍ഫില്‍ ജോലി തുടങ്ങി.
പിന്നെ എങ്ങിനെയൊക്കെയോ അവന്‍റെ അര്‍ബാബിന്‍റെ ഇഷ്ടക്കാരനായി. സാവകാശം അവനെക്കൊണ്ട് ‍ഡ്രൈവിംഗ് ലൈസെന്‍സ് എടുപ്പിച്ച് അര്‍ബാബ് അവനെ തന്‍റെ ഡ്രൈവറാക്കി. നല്ല ശന്പളവും ഏര്‍പ്പാടാക്കി. ആ പണം കൊണ്ട് അവന്‍ തന്‍റെ നാലു സഹോദരിമാരേയും വിവാഹം ചെയ്ത് കൊടുത്ത്, വീടൊക്കെ ഒന്ന് മിനുക്കി, അവനും വിവാഹം കഴിച്ച്. കഷ്ടപ്പാടുകളൊക്കെ കയരകയറിക്കിട്ടി.

ഞ എന്താ ഹനീഫ്ക്കാ, ഇത് വെറും കഥയായിപ്പോയല്ലോ..

ഹ ആയിട്ടില്ല, പോയിന്‍റിലേക്ക് എത്തുന്നേ ഉള്ളൂ.. ആ.. വായിക്കട്ടെ..

റ ലത്തീഫ് നാട്ടില്‍ വരുന്പോഴൊക്കെ ഞാന്‍ അവിടെ എത്തണമെന്ന് അവന്ന് നിര്‍ബന്ധമാണ്.
അങ്ങിനെയാണ് ഞാന്‍ അന്നും അവിടെ പോയത്.
ഞാന്‍ പറഞ്ഞ് വരുന്ന വിഷയം ഇതാണ്. അഥവാ, അന്ന് അവന്‍റെ ഒരു കവറില്‍ നിന്ന് കുറച്ച് ചെമന്ന ഗോതന്പോ മണികള്‍ കിട്ടി. അതില്‍ ഞാന്‍ അഞ്ചെട്ടെണ്ണം വെറുതേ വായിലിട്ടു ചവച്ചിറക്കി. നല്ല സ്വാദുള്ള പോലെ തോന്നി ആ ഗോതന്പിന്.
അതേക്കുറിച്ച് അവന്‍ പറഞ്ഞ കാര്യങ്ങളാണ് എന്നില്‍ ഒരു പാട് മാറ്റങ്ങള്‍ക്ക് മരുന്നിട്ടത്.
ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നും അവന്‍റെ കന്പനിയില്‍ ഗോതന്പ് വരുന്നുണ്ടത്രെ. ആസ്ത്രേലിയയില്‍ നിന്ന് വരുന്ന ചുവന്നയിനം ഗോതന്പിന് ഭയങ്കര ഡിമാന്‍റാണത്രെ. അതിന്‍റെ സ്വാദ് കാരണം പറഞ്ഞ വിലക്ക് കൊണ്ട് പോകാന്‍ അറബികള്‍ തിരക്കാറുണ്ടത്രെ. ഇതിനപ്പുറമൊന്നും ലത്തീഫിന് ഇതേക്കുറിച്ച് അറയില്ലത്രേ.

ഞാന്‍ ഒരുപാട് ചിന്തിച്ചു.
നാട്ടില്‍ കേരളത്തില്‍, മലപ്പുറത്ത്, പെരിന്തല്‍മണ്ണ അങ്ങാടിയില്‍ നിന്ന് കുറച്ച് മാറിയുള്ള ഈ കുഗ്രാമത്തലുള്ള ഞാന്‍, എന്‍റെ വയറ്റില്‍ ഇന്ന് കാലത്ത് പത്തരക്ക് എത്തിയത്, എന്നോ ഒരിക്കല്‍ ആസ്ത്രേലിയയില്‍ ആരോ നട്ടെടുത്ത ഗോതന്പു മണികള്‍! ആരായിരിക്കുമത് നട്ടു വളര്‍ത്തിയത്?
അയാള്‍ അന്നോ ഇന്നോ അറിയുമോ അവയില്‍ ഇത്രയും ഭാഗം എന്‍റെ വയറ്റിലെത്തുമെന്ന്. ഒരു പക്ഷെ, എനിക്ക് പിറക്കാനിരിക്കുന്ന കുട്ടിയിലേക്ക് വരെ എത്തിയേക്കാവുന്നതായിരിക്കില്ലേ ഇത്?
അഥവാ, എനിക്ക് പിറക്കാനുള്ള കുട്ടിയുടെ ഏതോ ഒരു കോശത്തിലേക്കുള്ള ഒരു ഭാഗമെങ്കിലും ഈ ഗോതന്പ് കാരണമായിട്ടുണ്ടായേക്കാമെങ്കില്‍, ഓരോ മനുഷ്യന്‍റെയും ശരീരങ്ങള്‍ ഏതാണ്ട് ഈ ഭൂമിയുടെത്തന്നെ എല്ലാഭാഗങ്ങളില്‍ നിന്നും നാം അറിയാതെ, അല്ലാഹു നമ്മില്‍ ശേഖരിക്കുന്നില്ലേ?
ആ ആസ്ത്രേലിയയിലെ കര്‍ഷകന്‍ അറിയുന്നുണ്ടോ, ലോകത്തിന്‍റെ പല കോണുകളില്‍ അടുത്ത ഒരു തലമുറയിലെ കുഞ്ഞുങ്ങള്‍ക്കുള്ള ശരീരങ്ങളുടെ പല ഭാഗങ്ങളും റബ്ബ് അയാളെക്കൊണ്ട് ഉണ്ടാക്കിത്തീര്‍ക്കുന്ന കാര്യം!
ഹോ! പടച്ച തന്പുരാന്‍റെ ഓരോ ചെയ്തികളേ..യ്!

സു സത്യത്തില്‍ അയാള്‍ എഴുതിയ കാര്യം ശരി തന്നെ. നമ്മുടെ ഓരോ ഭക്ഷണ കാര്യങ്ങളൊക്കെ വിചിന്തനീയം തന്നെയാ.. നാം ഒരു പ്ലൈറ്റ് ചോറ് കഴിക്കുന്പോള്‍ അതിലെ ഓരോ വറ്റും ഒരു പക്ഷെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിര്‍മ്മിക്കപ്പെട്ടതാകാം.. ഒരു ചപ്പാത്തിക്ക് വേണ്ടി ഉപയോഗിക്കുന്ന പൊടിയില്‍ ഒരു പക്ഷെ നൂറോളം സ്ഥലങ്ങളില്‍ നിന്നുള്ള ധാന്യങ്ങള്‍ അകപ്പെട്ടിരിക്കാം. സര്‍വ്വശക്തനായ നാഥന്‍ എത്ര മഹോന്നതനാണല്ലേ..!!

ഹ ഈ ശരീരങ്ങള്‍ മണ്ണിലേക്ക് തന്നെയല്ലേ മടങ്ങുന്നത്? ഖബറില്‍ നാം മയ്യിത്ത് കൊണ്ട് വെച്ച മറമാടിയ ശേഷം കാലക്രമത്തില്‍ ആ ശരീരം മണ്ണില്‍ ജീര്‍ണ്ണിച്ച് മണ്ണോട് ചേര്‍ന്ന് പോകുകയല്ലേ ചെയ്യുന്നത്?

സു ശരിയാണ്.. മണ്ണില്‍ നിന്ന് വരുന്നു, മണ്ണിലേക്കു തന്നെ മടങ്ങുന്നു. ഇതാണ് ശരീരത്തിന്‍റെ സ്ഥിതി. “നാം നിങ്ങളെ അതില്‍ നിന്നാണ് പടച്ചത്. അതില്‍ നിങ്ങളെ നാം മടക്കുന്നതാണ്, അതില്‍ നിന്ന് തന്നെ നാം നിങ്ങളെ മറ്റൊരു വുരു പുറപ്പെടീക്കുകയും ചെയ്യുന്നതാണ്.” എന്നാണല്ലോ പരിശുദ്ധ ഖുര്‍ആന്‍ പറയുന്നത്.

ജ നമ്മള്‍ മൂന്ന് പ്രാവശ്യം മണ്ണു വാരിയിടുന്പോള്‍ ഈ വചനമാണ് ചൊല്ലുന്നത്, അല്ലേ?

സു ഊം... ഇക്കാര്യം എല്ലാര്‍ക്കും ഒരു പാഠമാകാന്‍ വേണ്ടി കൂടിയായിരിക്കാം അങ്ങിനെ ചെയ്യാന്‍ കല്‍പിക്കപ്പെട്ടത്.
ഇനി നമുക്ക് കുറച്ച് കൂടി സീരിയസായി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ റൂഹ് (ആത്മാവ്) എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു? വളരെ ശ്രമകരമായി മനസ്സിലാക്കേണ്ട കാര്യമാണത്. സത്യത്തില്‍ നാം കണ്ടെത്തേണ്ട വിഷയങ്ങളാണ്. ജ്ഞാനം നാം നേടേണ്ടതാണ്. ഇത്രയും പറഞ്ഞതെല്ലാം കൂടുതല്‍ പരിശ്രമിച്ച് യാഥ്ര്‍ത്ഥ്യം കണ്ടെത്താനുള്ള ചില പൊടിക്കൈകളും പ്രേരണകളും മാത്രം. വിഷയങ്ങളെല്ലാം കിടക്കുന്നത് ഒരു പാട് ഉള്ളിലാണ്. കടലിന്‍റെ പുറത്ത് നിന്ന് മുത്തുകള്‍ തെരെഞ്ഞ് സമയം കൊല്ലരുത്. ആഴക്കടലിന്‍റെ ഉള്ളിലാണ് വിലപിടിപ്പുള്ളതെല്ലാം ഒളിഞ്ഞ് കിടക്കുന്നത്! ഇന്‍ശാ അല്ലാഹ്! ചെറുതായി ഒരു ചര്‍ച്ച നമുക്ക് നാളെ നടത്താം.

ജ പക്ഷെ, നല്ല മനുഷ്യന്മാരുടെ മൃത ശരീരം പുഴുക്കള്‍ തീണ്ടുകയില്ല, എന്ന് പറയുന്നതില്‍ വല്ല കാര്യവുമുണ്ടോ?

സു കാര്യമുണ്ടോ എന്നോ, അതിലാണ് കാര്യമുള്ളത്. ഇന്‍ശാ അല്ലാ..ഹ്! മെല്ലെ മെല്ലെ നമുക്ക് അതൊക്കെ ഒന്ന് പരാമര്‍ശിക്കാം...


(തുടരും...)

Wednesday, 21 January 2009

നാം അറിയാതെ പോകുന്നത്... (മൂന്ന്)

(കത്ത് ---------- ഭാഗം 03)

അസ്സലാമു അലൈകും.

എന്‍റെ ചങ്ങാതീ, എന്തൊക്കെയാ വിവരങ്ങള്‍? സുഖമല്ലേ? കുടുംബക്കാരോടും കൂട്ടുകാരോടും എന്‍റെ അന്വേഷണങ്ങള്‍ പങ്കുവെക്കണേ,

സഹോദരാ, എന്‍റെ ചില ബ്ലോഗ് അഡ്രസുകള്‍ ഇവിടെ കുറിക്കുന്നു. തരം കിട്ടിയാല്‍ വായിച്ച് നോക്കി, പ്രതികരണം കുറിക്കണം.
http://subikkuttan.blogspot.com/
http://zubimahboobi.blogspot.com/
http://subumahboobi.blogspot.com/
സത്യത്തിന് വേണ്ടി ഒരു അന്വേഷണം എന്ന ശീര്‍ശകത്തില്‍ ആറ് ഭാഗങ്ങളിലായി ചിലതെല്ലാം ഞാന്‍ അവിടെ കുറിച്ചിട്ടിട്ടുണ്ട്. അവയില്‍ ഏതാണ്ടെല്ലാം ഞങ്ങളുടെ ഈ സംസാരത്തില്‍ വന്നിട്ടുമുണ്ടായിരുന്നു. നിങ്ങള്‍ക്ക് ഞാന്‍ എഴുതുന്ന ഈ കത്ത് ഇതുപോലെത്തന്നെ ‍ഞാന്‍ ഒരു ബ്ലോഗ് തുറന്നു.
http://zmahboobi.blogspot.com/

നമ്മുടെ കത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ തുടര്‍ച്ച ഇവിടെ കുറിക്കുന്നു..

(ഞ: ഞാന്‍; അ: അപരന്‍)
.........................................................................
.........................................................................
.........................................................................
.........................................................................

ഞ കട്ടന്‍ ചായ (സുലൈമാനി) നല്ല രസമാ.. ഒരു ഉന്മേശവും ഉഷാറുമൊക്കെ ഉണ്ടാവാന്‍ നല്ലതാ, അല്ലേ?

അ പിന്നല്ലാതെ, ഇന്‍റെ കെട്ട്യോളോട് എടക്കെടക്ക് കട്ടന്‍ ചായ ഉണ്ടാക്കിച്ച് എന്‍റെ പേര് തന്നെ കട്ടന്‍ കാക്കാ എന്നായിരിക്കാ.. ഹ.. ഹാ..

ഞ അതേതായാലും നന്നായി. കുറേ മുന്പൊരിക്കല്‍ എന്‍റെ ഉസ്താദിന്‍റെ വീട്ടില്‍ ഞാനും എന്‍റെ ഉറ്റ സുഹൃത്ത് ഹിദായത്തുല്ലയും പോയപ്പോള്‍ ഒരു പാട് കട്ടന്‍ ചായ കുടിച്ചത് ഓര്‍മ്മയുണ്ട്. പിന്നീടങ്ങോട്ട് കട്ടന്‍ ചായ വല്യ കന്പമായി.

അ ആ... പിന്നെയ്, ഉസ്താദോ... ആരാണീ ഉസ്താദ്?...

ഞ ആ.. അത് പറയാം.. ഞാന്‍ ഇപ്പോള്‍ ഉപകാരപ്രദമായ വല്ലതും പറഞ്ഞിട്ടുണ്ടെങ്കില്‍ അതൊക്കെയും ആ മഹത് ഗുരുവിന്‍റെ ശിക്ഷണത്തില്‍ ലഭിച്ച കാര്യങ്ങളാണ്. എന്നാലും, ഇത് വരെയും ഞാന്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ല. പറയേണ്ട കാര്യങ്ങള്‍ ഏറെ ഗൗരവം നിറഞ്ഞവയാണ്. അവയിലേക്കുള്ള ചവിട്ടു പടികള്‍ കയറാനുള്ള ഒരുക്കങ്ങള്‍ മാത്രമാണീ സംസാരം. ഇന്‍ശാ അല്ലാഹ്.. റബ്ബ് നന്മുടെ ഹൃദയങ്ങള്‍ക്ക് വിശാലത നല്‍കട്ടെ.

അ ആ ഉസ്താദ് ഇപ്പോള്‍ എവിടെ..?

ഞ എന്‍റെ ഗുരുനാഥനെക്കുറിച്ച് ഞാന്‍ പിന്നീട് വിശദമായി പറയാം.. ആദ്യം തുടങ്ങി വെച്ച കാര്യങ്ങള്‍ ചെറുതായെങ്കിലും ഒന്ന് മുഴുമിപ്പിക്കട്ടെ.

അ ശരി.. ആ സുഹൃത്തിനെയും എനിക്ക് പരിചയപ്പെടുത്തിത്തരണേ...
ആ.. നമുക്കിനി പറയാനുള്ളത്, നാം എവിടെ നിന്ന് വരുന്നു എന്ന കാര്യത്തെക്കുറിച്ചാണ്..
ഞാനൊന്ന് പറ‍ഞ്ഞ് നോക്കട്ടേ..യ്..

ഞ ഊം... എന്താ..?

അ അതല്ല..., മനുഷ്യനില്‍ ശരീരവും ആത്മാവുമുണ്ടെന്ന് പറഞ്ഞല്ലോ.. അങ്ങിനെയെങ്കില്‍...

ഞ ശ്ശെടാ.. അപ്പോ.. ഇതൊക്കെയും വെറും പറച്ചലേ ആയുള്ളൂ..?

അ ഹൊ! ഇയാളുടെ ഒരു കാര്യം! ഞാന്‍ അങ്ങിനെ പറഞ്ഞതല്ല, സംഗതി അങ്ങിനെത്തന്നെയാണ് എന്ന് മനസ്സിലാക്കിയതില്‍ നിന്നാണ് ഞാന്‍ പറഞ്ഞ് വന്നത്..

ഞ ആ.. ഇപ്പഴാണ് ശരിയായത്.. ഇനി പറയിം.. കേള്‍ക്കട്ടെ..

അ അതെയ്... മനുഷ്യന്‍റെ ശരീരവും ആത്മാവും രണ്ടും രണ്ടാണല്ലോ.. അങ്ങിനെ വരുന്പോള്‍ ശരീരം എവിടെ നിന്ന് വരുന്നു എന്നും ആത്മാവ് എവിടെ നിന്ന് വരുന്നു എന്നും കണ്ടെത്തേണ്ടി വരില്ലേ?...

ഞ കറക്റ്റ്! ഇപ്പോള്‍ നിങ്ങള്‍ ശരിക്കും കാര്യങ്ങള്‍ ഗ്രഹിക്കുന്നുണ്ട്. അല്‍ഹംദു ലില്ലാ..ഹ്! എത്രയെത്ര ആളുകള്‍ ഇത്ര പോലും ചിന്തിക്കാതെ നമുക്കിടയില്‍ തന്നെ ജീവിക്കുന്നു? അല്ലേ?

അ ശരിയാ.. നമുക്ക് ഇങ്ങിനെയൊക്കെ പരിചയപ്പെടാനും സംസാരിക്കാനും കാര്യങ്ങള്‍ കൈമാറാനും റബ്ബ് നല്‍കിയ അനുഗ്രഹം അപാരം തന്നെ! അല്‍ഹംദു ലില്ലാ..ഹ്!

ഞ നിങ്ങള്‍ പറഞ്ഞത് തീര്‍ത്തും ശരിയാണ്. ശരീരവും ആത്മാവും വ്യത്യസ്തമായിത്തന്നെ നമുക്ക് ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

അ ശരീരം വരുന്നത് മണ്ണില്‍ നിന്നല്ലേ സുബൈറേ...?

ഞ തീര്‍ച്ചയായും മണ്ണില്‍ നിന്നു തന്നെ.. എന്നാല്‍ അക്കാര്യം ചിന്തിക്കാവുന്ന രീതിയില്‍ ഒന്നു വിവരിച്ച നോക്കിം.. പറയൂ.. ശരിയായിരിക്കും..

അ അത്.. മണ്ണില്‍ നിന്ന് എന്ന് പറയുന്പോള്‍.. മനുഷ്യരെ അല്ലാഹു മണ്ണില്‍ നിന്ന് സൃഷ്ടിച്ചതല്ലെ..?

ഞ ശരിയാ.. ഒരോ മനുഷ്യനെയും മണ്ണില്‍ നിന്നാണ് സൃഷ്ടിക്കപ്പെടുന്നത്. നമുക്കൊക്കെ അറിയാവുന്ന ഒരു വിഷയമാണ് ഓരോ മനുഷ്യന്‍റെയും പിറവി. അതെ, സ്ത്രീ പുരുഷന്മാരിലെ ബീജവും അണ്ഡവും തമ്മിലുള്ള ബന്ധത്തില്‍ നിന്നാണ് അത് സംഭവിക്കുന്നത്. എന്നാല്‍ ഈ ബീജവും അണ്ഡവും ഉണ്ടാകുന്നതെങ്ങിനെ? നാം കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നും.. നാം കഴിക്കുന്ന ഏത് ഭക്ഷണവും മണ്ണിലേക്കായിരിക്കും അതിന്‍റെ മുരട് ചെന്നെത്തുന്നത്. അത് പച്ചക്കറിയായാലും, പഴങ്ങളായാലും ഇറച്ചിയോ മീനോ എന്തു തന്നെ ആയാലും.. ഒന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്ന കാര്യമേ ഉള്ളൂ, ഇതില്‍.. എന്നാലോ വിശാലമായ ചിന്തകളിലേക്ക് ഒരു കവാടവും ആണിത്...

അ ഇവിടെ നമുക്ക് ചിന്തിക്കാവുന്ന ഒരു വിഷയം എനിക്ക് തോന്നുന്നു, ഞാന്‍ പറയട്ടെ..

ഞ എന്താ മടിക്കുന്നേ.. ധൈര്യമായി പറഞ്ഞോളു...

(തുടരും...)